Wednesday, 22 January, 2014

സിനിമ സമൂഹത്തോട് പറയേണ്ടത്

ഓള്‍ഡ് ജനറേഷന്‍ കൈവിട്ടും, ന്യൂ ജനറേഷനില്‍ മുങ്ങിയും മലയാള സിനിമയുടെ നിലവാരം പൂജ്യവും കടന്ന് താഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ് പുതിയൊരു അനുഭവവും വ്യത്യസ്തമായ കഥയുമായി "ദൃശ്യം" ഇറങ്ങുന്നത്. അസാദ്ധ്യമായ അഭിനയ മികവ് എന്നൊന്നും സിനിമയില്‍ എവിടേയും അവകാശപ്പെടാവുന്നതല്ലെങ്കിലും ഈ സിനിമയിലെ അഭിനേതാക്കള്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പറയാതെ വയ്യ. മോഹന്‍ലാല്‍, മീന, അന്‍ഷിബ, എസ്തര്‍, ഷാജോണ്‍, ആശ ശരത്, സിദ്ധിക്ക്, എന്ന് വേണ്ട, ആ സിനിമയില്‍ സെക്കന്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഓട്ടോ ഡ്രൈവറും ഹോട്ടല്‍ കാഷ്യറും ബസ് കണ്ടക്ടറും വരെ അതിമനോഹരമായി അവരുടെ റോളുകള്‍ ചെയ്യാന്‍ ജിത്തു ജോസഫ് പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി സിനിമയിലുടനീളം കാണാം. ഒരു പക്ഷെ മലയാളസിനിമ കത്തി നിന്നിരുന്ന കാലത്ത് ആണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ ഇത് ഇത്രയും ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന വിമര്‍ശകരുടെ ചോദ്യത്തിന് ഒരു മറുചോദ്യം തന്നെ ആണ് മറുപടി. "അങ്ങനെ ഉള്ള ഒരു കാലത്ത് അല്ലല്ലോ ഈ സിനിമ ഇറങ്ങിയത്!!" കുറേ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു നല്ല സിനിമ എന്ന ലേബല്‍ ദൃശ്യത്തിന് ലഭിച്ചതില്‍ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം.

അതിനിടെയാണ്, സിനിമ തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നു എന്ന് പറഞ്ഞ് കേരള പോലീസ് ഡിജിപി ശ്രീ ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. (വീഡിയോ ഇവിടെ കാണാം). കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ മനപ്പൂര്‍വ്വം തെറ്റിധരിപ്പിക്കല്‍, ഗൂഢാലോചന, സ്ത്രീപീഡനം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 മുതല്‍ കുറേയങ്ങോട്ടുള്ള വകുപ്പുകള്‍ ഡിജിപി ആ സിനിമയില്‍ കണ്ടതില്‍ തെറ്റില്ല. എങ്കിലും ഇത്തരം ഒരു പരസ്യ പ്രസ്താവന ഈ അവസരത്തില്‍ ഡിജിപി നടത്തിയതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാതിരിക്കാനാവില്ല. ചാനലുകളില്‍ ഇതിന്റെ ചര്‍ച്ച എന്ന പേരില്‍ സിനിമയുടെ പൂര്‍ണ്ണ കഥയും പലരും പറഞ്ഞത് ഈ സിനിമ ആദ്യമായി കാണുന്നവരുടെ രസം കളഞ്ഞു എന്ന് നിസ്സംശയം പറയാം.

സിനിമ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് കഥയോ കഥയിലെ "ട്വിസ്റ്റോ" പറഞ്ഞ് സിനിമയുടെ സസ്‌പെന്‍സ് കളയാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, സിനിമയില്‍ ഒരു കൊലപാതകം നടക്കുന്നു എന്ന് സിനിമ കാണാത്തവര്‍ക്ക് ഇതിനോടകം മനസ്സിലായി കാണും. മകളുടെ കുളി മൊബൈലില്‍ പകര്‍ത്തി മകളോടും അമ്മയോടും വില പേശിയ ഐജിയുടെ മകന്‍ കൊല്ലപ്പെടുന്നതും, തുടര്‍ന്ന് കുടുംബത്തെ ആ കേസില്‍ നിന്നും രക്ഷിക്കാന്‍ കുടുംബനാഥന്‍ നടത്തുന്ന ശ്രമങ്ങളും ആണ് സിനിമയില്‍. മരിച്ചത് വില്ലന്‍ ആയതിനാലും, അവന്റെ തെമ്മാടിത്തരം കാണികള്‍ക്ക് പിടിക്കാത്തത് കൊണ്ടും ആ  കൊലപാതകം (ഒരു കൈയബദ്ധം ആണെങ്കില്‍ കൂടി) കാണികള്‍ ക്ഷമിച്ചു എന്ന് വേണം കരുതാന്‍. (സിനിമ കാണാത്തവരോട്: "ഇതാണൊ കഥ" എന്ന് പറഞ്ഞ് പോകാന്‍ വരട്ടെ. ഇതൊന്നും അല്ല സിനിമയുടെ സസ്‌പെന്‍സ്. അത് കൊണ്ട് പോയി സിനിമ കാണുക). മകളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത ആളോട് സംസാരിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് പോലീസില്‍ അറിയിക്കണം എന്നാണ് ഡിജിപി അഭിപ്രായപ്പെട്ടിട്ടുള്ളത്. നല്ല കാര്യം തന്നെ. അത് ആരും അംഗീകരിക്കുന്നു. പക്ഷെ ഇവിടെ പ്രതി ഐജിയുടെ മകന്‍ ആണ്. ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ഒതുക്കി തീര്‍ക്കാതെ പ്രതിയെ കോടതിയില്‍ എത്തിക്കും എന്ന് ഏത് പോലീസിന് ഉറപ്പിച്ച് പറയാന്‍ കഴിയും? പിന്നെ പൊതുജനങ്ങള്‍ക്കുള്ള ഏക ആശ്രയം മാധ്യമങ്ങള്‍ ആണ്. ആ വീഡിയോ മാധ്യമങ്ങള്‍ക്ക് കിട്ടിയാല്‍ അത് നാട്ടുകാരെ മുഴുവന്‍ ഒരു ഉളിപ്പും ഇല്ലാതെ കാണിക്കും എന്ന് രഞ്ജിത സംഭവം തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ സിനിമയിലെ ഈ കഥാപാത്രം ഇവിടെ ആ വഴിക്കൊന്നും ചിന്തിച്ചിരിക്കാന്‍ സാദ്ധ്യതയില്ല. രാജാക്കാട് ഗ്രാമത്തിലെ തനി നാട്ടിന്‍പുറത്ത് കാരായ കുടുംബം അപ്പോള്‍ ചെയ്തത്, നമ്മള്‍ ആരും ചെയ്യുന്ന കാര്യമാണ്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പണ്ടും ഇന്നും രക്ഷിതാക്കള്‍ ആദ്യം ചെയ്യുന്നത് ആ കുട്ടിയോട് സംസാരിക്കുക, അല്ലെങ്കില്‍ ആ കുട്ടിയുടെ രക്ഷിതാക്കളോട് സംസാരിക്കുക എന്നതാണ്. അതും കഴിഞ്ഞ് സ്കൂളിലെ ടീച്ചര്‍മാരും കഴിഞ്ഞാണ് പോലീസിന്റെ സ്ഥാനം. സിനിമയിലെ വീട്ടമ്മ റാണി തികച്ചും ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. പറഞ്ഞിട്ടും കേട്ടില്ലെങ്കില്‍ ഒരു പക്ഷെ അടുത്ത ദിവസം അവര്‍ പോലീസിനെ സമീപിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ അവര്‍ പോലീസില്‍ അറിയിച്ചിട്ട് പോലീസ് നടപടി എടുത്ത് പ്രതിയെ തടവറയില്‍ ആക്കിയാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടോ? ഇത്ര നല്ല ഒരു സിനിമ മലയാളികള്‍ക്ക് കിട്ടുമോ? ഈ വിവാദങ്ങളുണ്ടോ? ഈ ബ്ലോഗ് ഉണ്ടോ? ശരിക്കും അങ്ങനെ ആണ് വേണ്ടിയിരുന്നത്. പക്ഷെ അങ്ങനെ അല്ല സംഭവിച്ചത് എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

ഈ സിനിമ കണ്ട ഡിജിപി ശ്രീ ടി പി സെന്‍കുമാര്‍ പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചു എന്ന് തോന്നുന്നില്ല. ഒരു കൊലപാതകം മൂടിവെയ്ക്കല്‍ അത്ര എളുപ്പം അല്ല എന്ന് ഈ സിനിമ വ്യക്തമായി കാണിച്ച് തരുന്നുണ്ട്. പ്രതിയെ കൊന്നു എന്നും, ആര് കൊന്നു എന്നും പോലീസിന് വളരെ വ്യക്തമായി ഈ സിനിമയില്‍ മനസ്സിലാകുന്നുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. സിനിമ അല്ല, ഇത് യഥാര്‍ത്ഥ സംഭവം ആണ് എന്ന് ഡിജിപിയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ ഈ കേസില്‍ കേരള പോലീസ് ഇങ്ങനെ ആണ് കേസ് അന്വേഷിക്കുക എന്ന് ഡിജിപി വിശ്വസിക്കുന്നുണ്ടോ? കാറിന്റെ സ്റ്റിയറിംഗ് വീലിലെ ഫിംഗര്‍പ്രിന്റ് അനാലിസിസ്, ഹോട്ടല്‍ റജിസ്റ്ററിലെ ഹാന്റ്റൈറ്റിങ്ങ് അനാലിസിസ്, ഔട്ട് ഹൗസില്‍ തെളിവെടുപ്പ് എന്നിവ നടത്തില്ല എന്നാണോ പൊതുജനങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? കുറഞ്ഞ പക്ഷം, സിം കാര്‍ഡ് മാറ്റി ഇട്ട പുതിയ മൊബൈലിലെ IMEI നമ്പര്‍ ഇതിന് മുമ്പ് ഏത് നമ്പറില്‍ ആയിരുന്നു എന്നും, ആ ഫോണ്‍ ഏത് കടയില്‍ വിറ്റു എന്നും, അവിടെ നിന്നും ആര് വാങ്ങി എന്നും അന്വേഷിക്കില്ലേ? ഒന്നും ഇല്ലെങ്കില്‍ ധ്യാനത്തിന്റെ സിഡിയില്‍ അതില്‍ പങ്കെടുത്തവരെ കാണിക്കുമല്ലോ? ആ നിലയ്ക്ക് ഈ സിനിമ നല്‍കുന്ന സന്ദേശം കണ്ട് ഒരാള്‍ ഒരു കൊലപാതകം മറച്ച് വെയ്ക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ അധികം താമസിയാതെ ജയിലിലാകും എന്നായിരുന്നു ഡിജിപി പറയേണ്ടിയിരുന്നത്. അല്ലെങ്കില്‍ സിനിമയില്‍ ഒരു അറിയിപ്പ് കൊടുക്കുക, "ഇത് ഒരു സാങ്കല്‍പ്പിക കഥയാണ്. ഇത് പോലെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അഴി എണ്ണേണ്ടി വരും!!".

പക്ഷെ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ വന്ന ജീത്തു ജോസഫിന് സഹിക്കാതിരുന്നത് ഇതൊന്നും അല്ല. തന്റെ സിനിമയെ മാത്രം എന്തിന് പറയുന്നു എന്നാണ്. ശരിയാണ്. തികച്ചും ന്യായമായ ചോദ്യം. ദേവാസുരം മുതല്‍ ഇങ്ങോട്ട് മോഹന്‍ലാല്‍ മീശ പിരിച്ച ഒരു സിനിമയിലും പോലീസിന് നേരെ കൈ വെയ്ക്കാത്ത മോഹന്‍ലാല്‍ ഇല്ല. പബ്ലിക്ക് റോഡില്‍ പോലീസുകാരന്റെ അപ്പന് വിളിക്കുന്നതും, അടിച്ച് പരത്തുന്നതും, വെല്ലുവിളിക്കുന്നതും ഒന്നും ഡിജിപി കണ്ടില്ല എന്നുണ്ടോ? ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച് ഡിജിപി അന്നും സര്‍വ്വീസില്‍ ഉണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. പോലീസ് പുല്ലാണ് എന്ന ഭാവത്തില്‍ എത്ര സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പോലീസ് പിടികൂടാതെ, തെളിവുകള്‍ നശിപ്പിച്ച് എങ്ങനെ ആളുകളെ കൊല്ലാം എന്ന് മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ ട്വന്റി 20, ക്രിസ്ത്യന്‍ ബ്രതേഴ്സ് എന്നിവ കാണിച്ച് തരുന്നുണ്ട്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ തന്നെ, എങ്ങനെ കയറില്‍ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കാം എന്ന് ഏഞ്ചുവടി മന:പ്പാഠം കണക്കെ സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ആയി പഠിപ്പിക്കുന്ന എത്ര സിനിമകള്‍. ചേച്ചി റിമോട്ട് നല്‍കാത്തതിനും, അമ്മ പഠിക്കാന്‍ പറഞ്ഞതിനും, അച്ഛന്‍ അടിച്ചതിനും വരെ സ്‌കൂള്‍ കുട്ടികള്‍ കയറില്‍ ജീവിതം അവസാനിപ്പിക്കുന്നതിന് ഈ സിനിമകള്‍ നല്‍കിയ സംഭാവന ചെറുതല്ല. ഈ സിനിമകള്‍ എല്ലാം ഇവിടെ യഥേഷ്ടം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, പോലീസിന്റെ അടി മുഴുവന്‍ നിന്ന് വാങ്ങുന്ന മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമയ്ക്ക് നേരെ ഡിജിപി തിരിഞ്ഞത് ശരിയായ നടപടിയായി തോന്നുന്നില്ല. സത്യം പറയിക്കാന്‍ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന പോലീസിന് നേരെ പ്രതികരിക്കാതെ, തിരിച്ച് അടിക്കുകയോ ചവിട്ടുകയോ ചെയ്യാതെ, അടി മുഴുവന്‍ നിന്ന് കൊള്ളുന്ന ഒരു സിനിമ ഇതിന് മുമ്പ് ഇറങ്ങിയത് എത്ര വര്‍ഷം മുമ്പാണ്?

അത് കൊണ്ട് സര്‍, ഇത് സിനിമയാണ്. എഡിജിപി ബി സന്ധ്യയുടെ വാക്കുകള്‍ കടം എടുക്കട്ടെ, "സിനിമയെ സിനിമ ആയി കാണുക".

4 comments:

  1. എന്ത് കൊണ്ട് ജോർജ് കുട്ടി അതൊക്കെ ചെയ്തു ? ഇങ്ങനെ ഒരു വീഡിയോ ഉണ്ട് എന്ന് പോലീസിനോട് പറഞ്ഞാൽ ? അല്ലെങ്കിൽ ഒരു കയ്യബദ്ധം കൊണ്ട് ആ പയ്യന് മരിച്ചു എന്ന് പറഞ്ഞാൽ ? മാനുഷികമായ ഒരു നീതി ജോർജ് കുട്ടിക്ക് നല്കാൻ പോലീസിനു കഴിയുമോ ?

    ReplyDelete
  2. angine paranjal aa penkuttiye mosakkari aayi chithreekarikkane police um samoohavum sramikkukayullu. mathramalla ivide prathi police IG yude makan aanu. appol theerchayayum georgekuttiyeyum kudumbatheyum enganeyum nanam keduthi kollaruthathavarayi chithreekarikkane sadhyatha olu.

    ReplyDelete
  3. ലേഖനത്തോട് പൂർണ്ണമായി യോജിക്കുന്നു.... ആദ്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ വിജയൻ ഇതു പോലെ സംസാരിച്ചിരുന്നു.... അന്നു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണു വിചാരിച്ചിരുന്നത്. ഇപ്പോൾ ശ്രീ സെൻ കുമാറും.... നമ്മുടെ പോലീസ് ഉദ്ധ്യോഗസ്ഥർ എല്ലാവരും ഈ പറയുന്നതു പോലെ പ്രവർത്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനേ...

    ReplyDelete


  4. സിനിമ, ടി വി ചാനലുകൾ അച്ചടി മാധ്യമങ്ങൾ,ഇന്റെര്നെറ് എന്നിവ മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു അവ മനുഷ്യ സംസ്കാരത്തെ ,രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള ശക്ത ആയുധങ്ങളാണ് ആയുധങ്ങൾ ഉപയോഗിക്കുന്നവർ അവ ഉപയോഗിക്കാൻ പ്രാപ്തിയുള്ളവരാകണം
    അല്ലാത്തവരുടെ കയ്യിൽ അവ പലപ്പോഴും ,ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ സ്വാധീനം ചെലുത്തതാം ആയതിനാൽ എന്തൊക്കെ ,ആരൊക്കെ കാണണം എന്നതിന്ന് അല്പസ്വല്പം നിയന്ത്രണം നല്ലതാ എന്നു വെച്ചു അതു ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്ന തരത്തിലാകരുത്
    കൊച്ചു കുഞ്ഞുകളെയും ,വിദ്യാര്തഥികളെയും ആവശ്യമുള്ളവ ,ആശാസ്യമായവ കാണിക്കാനും
    അനാവശ്യ ,അനാശ്യാസമായവ കാണിക്കാതിരിക്കാനും അതീവ ജാഗ്രത ആവശ്യമാണ്

    ഗുൽമോഹർ എന്ന സിനിമ ആത്മ ഹത്യക്ക് പ്രേരണയായി എന്നു സോഷ്യൽ മീഡിയ മുഖേനെ പല ആത്മ ഹത്യ കുറിപ്പുകൾ കണ്ടതായി ഓർക്കുന്നു അതേ പോലെ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ഭീകര ,തീവ്ര വാദി സംഘടനകളിൽ ചേരാൻ ,ചില ചെറുപ്പാക്കാർ പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു
    ഇതിൽ നിന്നു മനസ്സിലാക്കാവുന്നത് ,മാനസിക ദൗർബല്യം ഉള്ളവരെ മാധ്യമങ്ങൾ വളരെ യധികം
    സ്വാധീനിക്കുന്നു എന്നതല്ലേ
    ആയതിനാൽ ക്രിയാത്മകമായ ആയിരിക്കണം സിനിമകളും ,മറ്റു കലാ സാംസ്കാരിക സാഹിത്യ മാധ്യമങ്ങളും എന്നതല്ലേ ഏറ്റവും കുറഞ്ഞത് ദുഷ്ചിന്തകൾ മനുഷ്യ മനസ്സിൽ ഉദ്ധീപിക്കും വിധത്തിലുള്ളവ ,പ്രചരിപ്പിക്കുന്നതിനെ കുറിച്ചു ജാഗ്രത വേണമെന്നല്ലേ ?

    ReplyDelete