Showing posts with label Yentha. Show all posts
Showing posts with label Yentha. Show all posts

Monday, 23 April 2012

കാണ്മാനില്ല : ഒരു നടന്‍

രമിത സതീഷ്‌


പണ്ടുപണ്ട്, ഒരിടത്തൊരിടത്തൊരു നടനുണ്ടായിരുന്നു. ഇപ്പോഴദ്ദേഹത്തെ കാണാനില്ല. തോളറ്റം വളര്‍ന്ന മുടിയും, കൂളിംഗ് ഗ്ലാസ്സും, ബെല്‍ ബോട്ടം പാന്റും, ഒരു തൂവാലയോളം വലുപ്പമുള്ള ഷര്‍ട്ടും ധരിച്ച്, “ഹലോ മിസ്സിസ് പ്രഭാ നരേന്ദ്രന്‍!” എന്ന വാചകത്തോടെയായിരുന്നു മലയാളം സിനിമയിലേക്ക് അദ്ദേഹത്തിന്റെ രംഗപ്രവേശം. പച്ചയായ വികാരങ്ങള്‍ പ്രതിഫലിപ്പിച്ച ഒരു കരുത്തുള്ള ചെറുപ്പക്കാരന്‍ വില്ലന്‍.

അന്ന് ചരിത്രം രചിക്കപ്പെടുകയായിരുന്നു. കുറെ ദുഷ്ടന്മാരായ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച ശേഷം അദ്ദേഹത്തിന് മെല്ലെ പ്രൊമോഷന്‍ കിട്ടി. നായകന്റെ നല്ലവനായ, ത്യാഗിയായ സുഹൃത്തായും, കൊച്ചനിയനായും ഒക്കെയായി അഭിനയിച്ച ശേഷം, അവസാനം നായകവേഷങ്ങളില്‍ തിളങ്ങി. എന്തൊരു നായകനായിരുന്നു!

നമ്മുക്കൊക്കെ വളരെ സുപരിചിതരായ നായകന്മാര്‍. ജീവിതയാത്രയില്‍ ഇവരെയൊക്കെ നമ്മള്‍ എന്നെങ്കിലുമൊക്കെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവാം. അതാ, ആ ജനാലയില്‍കൂടെ പുറത്തേക്കു നോക്കിയാല്‍ കാണാം. കുടയും കുത്തിപ്പിടിച്ച്, കുഴപ്പക്കാരായ വാടകക്കാരെ ഒഴിപ്പിക്കാന്‍ പാടുപെട്ടു പദ്ധതി ഒരുക്കുന്ന വീട്ടുടമസ്ഥന്‍.തന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ദുര്‍ഭാഗ്യവും ചുമന്നു കുടുംബ ഭാരം പേറി കഷ്ട്ട്ടപ്പെടുന്ന സേല്‍സ് മാന്‍. ബ്യൂറോക്രസിയുടെ നൂലാമാലകളില്‍ കുടുങ്ങി വലയുന്ന കോണ്ട്രാക്റ്റര്‍. ഗള്‍ഫിലെ ദുരിതങ്ങളില്‍ നിന്ന് നാട്ടില്‍ നല്ലൊരു ജീവിതം പടുക്കാന്‍ സ്വപ്നങ്ങളുമായി ഓടിയെത്തിയവന്‍. തന്നെ മുതലെടുക്കാന്‍ നോക്കുന്ന ബന്ധുക്കളുടെ ഇടയില്‍ ആ സ്വപ്‌നങ്ങള്‍ കരിഞ്ഞു വീര്‍പ്പുമുട്ടുന്ന ചെറുപ്പക്കാരന്‍. തന്നില്‍ നിന്ന് കൂടുതലെന്തോ പ്രതീക്ഷിക്കുന്ന ഒരു ഭാര്യയുടെയും, നിസ്സംഗരായ കുറെ ബന്ധുക്കളുടെയും ഇടയില്‍, സമനിലയോടെ കഴിയാന്‍ ബദ്ധപ്പെടുന്ന ഒരു ചെറിയ ബിസിനസ്സുകാരന്‍…. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പല തവണ കണ്ടുമുട്ടിയിട്ടുള്ളവരല്ലേ ഇവരൊക്കെ?

ഇത് മാത്രമല്ല. മലയാളിയുടെ സിനിമാസ്വാദനത്തിന്റെ ജനിതകം തന്നെ മാറ്റിക്കുറിച്ചു ആ നടന്‍. പ്രത്യേകിച്ച് നര്‍മ്മാസ്വാദനത്തിന്റെ. വിശ്വാസമായില്ലേ? എന്നാല്‍ മലയാളികള്‍ കൂടിയിരിക്കുന്നിടത്തു “In these days of degenerating decency,” എന്ന് പറഞ്ഞു നോക്കൂ. പിന്നെ അവിടെ ഒരു ഉത്സവമാണ്. എല്ലാരും ഓട്ടോ പൈലറ്റ്‌ മോഡില്‍ ആകും. “kilometers and kilometers ".... അത് മാത്രമോ? യോഗ ചെയ്യുന്ന കോഴി, ഗൂര്‍ഖകളെയെല്ലാം വെല്ലുന്ന ഗൂര്‍ഖ , ഒരു പാവം വാടകക്കൊലയാളിയെ വകവരുത്തിയ രണ്ടു CID കേമന്മാര്‍ … അങ്ങനെ ഒരു നിര തന്നെ ഒഴുകി വരും … അവസാനം “വട്ടാണല്ലേ?” എന്ന വാചകത്തില്‍ അവസാനിക്കും.

പിന്നെയും ഉണ്ട് സിനിമകള്‍ . പതിയെ, നമ്മുടെ ആത്മാവിലേക്ക് ഒരു കത്തി ആഴ്ന്നിറങ്ങുന്ന വേദനയോടെ ഇറങ്ങിച്ചെല്ലുന്ന കഥാപാത്രങ്ങള്‍.അവര്‍ ഒരിക്കലും നമ്മെ വിട്ടകലില്ല . അതിഭാവുകത്വം ഇല്ലാത്ത അഭിനയം. അഭിനയിക്കുകയല്ല,ജീവിക്കുകയായിരുന്നു ആ വേഷങ്ങളില്‍. തന്റെ സഹോദരന്റെ മരണം സഹോദരിയുടെ വിവാഹം ആഘോഷിക്കുന്ന കുടുംബത്തില്‍ നിന്നും മറച്ചു വച്ച് , ആ കുടുംബത്തിന്റെ മുഴുവന്‍ ദുഃഖവും തനിയെ ചുമന്നു , മനസ്സിലെ കണ്ണുനീര്‍ ഒളിപ്പിച്ചു വച്ചു മുഖത്ത് ചിരിയുമായി നടക്കുന്ന അയാളുടെ കൂടെ നിങ്ങളും കരഞ്ഞു. ഏറെ പ്രതീക്ഷകള്‍ വച്ച് വളര്‍ത്തിയ ഏക മകന്‍ കുറ്റവാളിയാകുന്ന കാഴ്ച നിസ്സഹായനായി കണ്ടു നില്‍ക്കുന്ന അച്ഛന്റെ മുന്നില്‍ കത്തി അടിയറ വച്ചപ്പോഴും വിധിയുടെ ക്രൂരതയോര്‍ത്തു കരഞ്ഞു . ശപിക്കപ്പെട്ട ജീവിതത്തില്‍ അവസാനം ഒരു തണലിന്റെ ആശ്വാസം ഉണ്ടായപ്പോള്‍ , സ്നേഹം വീണ്ടും അറിഞ്ഞു തുടങ്ങിയപ്പോള്‍, ‘ഭാര്യ’ യുമായുള്ള സൌന്ദര്യപ്പിണക്കം തീര്‍ന്നു വീണ്ടും ജീവിതമൊന്നു പച്ച പിടിക്കാന്‍ തുടങ്ങിയപ്പോള്‍, നിയമത്തിന്റെ കാവല്‍ക്കാര്‍ അയാളെ തേടിയെത്തി. “എനിക്കിനിയും ജീവിക്കണം,” എന്നയാള്‍ കെഞ്ചിയപ്പോള്‍, നിങ്ങള്‍ക്ക് അതിനുള്ള അധികാരമുണ്ടായിരുന്നെങ്കില്‍ എന്ത് വില കൊടുത്തും നിങ്ങള്‍ അയാള്‍ക്കാ ജീവിതം തിരിച്ചു കൊടുക്കുമായിരുന്നു. തന്നോടല്ല , താന്‍ ആടിയ വേഷത്തിനോടായിരുന്നു തറവാട്ടമ്മയുടെ പ്രേമം എന്ന് മനസ്സിലാക്കുന്ന പാവം കഥകളി നടന്റെ കണ്ണുകളിലെ വേദന നിങ്ങള്‍ തുടച്ചു മാറ്റാന്‍ വെമ്പി …. അങ്ങനെ എത്രയെത്ര വേഷങ്ങള്‍...വിനോദ്, ബാലചന്ദ്ര മേനോന്‍, സണ്ണി, സത്യനാഥന്‍, ബാലന്‍ …എല്ലാവരും, ഇന്നും മനസ്സില്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു നൊമ്പരമായി നിറഞ്ഞു നില്‍ക്കുന്നു..

എണ്‍പതുകളില്‍ നിങ്ങള്‍ ഒരു യുവാവായിരുന്നോ? പ്രിയതമയ്ക്ക് ബൈബിള്‍ വചനങ്ങളായി പ്രണയം കൊടുക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ? ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയുടെ ത്രസിക്കുന്ന താളത്തില്‍ അലിഞ്ഞു പ്രിയതമയ്ക്ക് പ്രണയലേഖനം എഴുതാന്‍ ആഗ്രഹിച്ചിട്ടില്ലേ? സോളമനും സോഫിയയും, ജയകൃഷ്ണനും ക്ലാരയും ഹൃദയത്തില്‍ തീക്കനലുകള്‍ ‍ പോലെ … പദ്മരാജന്‍ എന്ന ഗന്ധര്‍വ്വനു മാത്രം സൃഷ്ടിക്കാന്‍ സാധിക്കുന്ന രണ്ടു മഹത്തായ കഥാപാത്രങ്ങളായിരുന്നു പ്രണയത്തിന്റെ ഈ സ്മാരകകുടീരങ്ങള്‍.

പിന്നെ വന്നു അവന്‍ … ആ ഫ്യൂഡൽ തെമ്മാടി. വലതു കയ്യില്‍ സ്വര്‍ണ്ണ സ്ട്രാപ്പുള്ള വാച്ചു കെട്ടി , മീശ പിരിച്ച്,അഹങ്കാരത്തോടെ മുണ്ട് മടക്കിക്കുത്തി മംഗലശ്ശേരി നീലകണ്ഠൻ എത്തിയപ്പോള്‍, ആ പുരുഷത്വത്തിന്റെ ജ്വാലയില്‍ കണ്ണഞ്ചിപ്പോയി. വേറെ ആര്‍ക്കും ആ വേഷം ചെയ്യാന്‍ പറ്റില്ല എന്ന് നിങ്ങള്‍ ഉറപ്പിച്ചു. ആ ഉറപ്പു ഇന്നുമുണ്ട്. കള്ളുകുടിയനും പെണ്ണ് പിടിത്തക്കാരനുമായ ആ തെമ്മാടിയെ സ്നേഹിച്ചു. നീലകണ്ഠൻ അമാനുഷികനായ ഒരു കഥാപാത്രമായിരുന്നു. പക്ഷെ ആ അമാനുഷികനെ ഇത്രകണ്ട് വിശ്വസനീയമാക്കിയത് ആ നടന്റെ കഴിവാണ്.
ഒരു മലയാളിയായതില്‍ നമ്മള്‍ അഹങ്കരിച്ചു. ആ മഹാനടന്റെ ഭാഷ സംസാരിക്കുന്നവര്‍ എന്ന പേരില്‍ ആ പ്രഭയില്‍ നമ്മളും തിളങ്ങി. ഒരു കാര്യം ശ്രദ്ധിച്ചോ? ഇവിടെ പറഞ്ഞ സിനിമകളില്‍ ഒരെണ്ണത്തിന്റെ പോലും പേര് പറയാതെ നിങ്ങള്‍ തിരിച്ചറിഞ്ഞില്ല്ലേ? അതാണ്‌ മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ കഴിവിന്റെ ശക്തിപ്രഭാവം.

പക്ഷെ സൂപ്പര്‍ഹീറോ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെ ആ പ്രതിഭയ്ക്ക് മങ്ങലേൽക്കാൻ തുടങ്ങി. വെറും ഒച്ചയും ബഹളവും മാത്രമുള്ള ഒരു ചൂട് വാതക ബലൂണ്‍ മാത്രമായി . വല്ലാത്ത ഗെറ്റപ്പുകൾ, പരിഹാസ്യമായ, ആവശ്യമില്ലാതെ പെരുപ്പിച്ച ഡയലോഗുകള്‍, അസഹനീയങ്ങളായ പഞ്ച്‌ ലൈനുകള്‍ … അങ്ങനെ എന്തൊക്കെയോ ചെയ്തു കൂട്ടി. കഥയെവിടെ? ലോജിക്ക് എവിടെ? ഒന്നിനും പ്രസക്തിയില്ലായി.

എന്തായിരുന്നു അദ്ദേഹത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം? തന്റെ കഴിവിന്റെ മികവില്‍ സ്വയം മറന്നതാണോ? തന്റെ ആരാധകര്‍ എന്നും തന്റെകൂടെ നില്‍ക്കുമെന്ന് അന്ധമായി വിശ്വസിച്ചതോ? എന്തുതന്നെയായാലും, നമ്മുടെയൊക്കെ പ്രിയങ്കരനായ ആ അയല്‍വാസി തന്റെ ആത്മാവ് വിറ്റു അസഹനീയമായ അഭിനയത്തിലേക്ക് വഴുതി വീണു. ആരാധകര്‍ ജീവനും കൊണ്ടോടി .
ലാലേട്ടാ! ഞങ്ങള്‍ക്ക് ഞങ്ങളുടെ ലാലേട്ടനെ തിരിച്ചു വേണം. ആ തൂങ്ങിയ കവിളുകൾക്കും, ചീര്‍ത്ത തടിക്കും,അസഹനീയമായ വിഗ്ഗിനും കീഴെ എവിടെയോ മറഞ്ഞുപോയ, വീര്‍പ്പുമുട്ടി മോചനത്തിനായി കേഴുന്ന ആ പണ്ടത്തെ കഴിവുറ്റ നടനെ ദയവായി ഒന്ന് സ്വതന്ത്രനാക്കൂ. ഇന്ന് സ്ക്രീന്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന രൂപം,താങ്കളുടെ ഒരു പാരഡി മാത്രമാണ്. പൂര്‍വ്വാധികം ഉജ്ജ്വല പ്രഭയോടെ തിരികെ വരൂ.ഒരു ആത്മാര്‍ത്ഥമായ അപേക്ഷയാണിത്. എനിക്ക് വീണ്ടും പറയണം അഹങ്കാരത്തോടെ, "ഞാന്‍ ലാലേട്ടന്റെ ആരാധികയാണ്‌," എന്ന്. എന്റെ വാക്കുകള്‍ എന്റെ മാത്രമല്ല എന്ന് എനിക്കുറപ്പുണ്ട്. ലക്ഷങ്ങള്‍ കൊതിക്കുന്ന ഒരു കാര്യം തന്നെയാണിത്.

ലാലേട്ടാ, ദയവായി തിരിച്ചു വരൂ! പുനര്‍ജനിച്ചു കൊണ്ടിരിക്കുന്ന മലയാളസിനിമാലോകം നിങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കരുത്തുള്ള വേഷങ്ങള്‍ ഇനിയും നിങ്ങള്‍ക്ക് തരും. ലാലേട്ടന്റെ വയസ്സിനും രൂപത്തിനും ചേര്‍ന്ന വേഷങ്ങള്‍.ലാലേട്ടന്‍ തന്നെ പണ്ടൊരിക്കല്‍ ചോദിച്ചപോലെ , "മേക്കപ്പിനൊക്കെ ഒരു പരിമിതിയില്ലേ?"

അങ്ങനെ ഞങ്ങളുടെ ലാലേട്ടന്‍ തിരികെ വന്നാല്‍, കാസനോവ എന്നൊരു സംഭവം ഉണ്ടായിരുന്നു എന്ന കാര്യം ഞങ്ങള്‍ എന്നേക്കുമായി മറന്നേക്കാം. സത്യം!

This article was translated by Susie Pazhavarical.

Saturday, 14 April 2012

മുരളി ഗോപി - കാറ്റടിക്കുന്നതിനൊപ്പം.

മുരളി ഗോപി - കാറ്റടിക്കുന്നതിനൊപ്പം.
മുകേഷ് വേണു.

"രസികൻ" എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെടാതെപോയ രംഗപ്രവേശം ചെയ്ത മുരളി ഗോപി, അവസാനം ഇതാ സിനിമാലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കുന്നു. ആദ്ദേഹത്തിന്റെ പിതാവ് ഭരത് ഗോപിയെ ഒരു ഇതിഹാസ പുരുഷനായിട്ടാണ് സിനിമാലോകം വീക്ഷിക്കുന്നതു്.

 "എനിക്ക് അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛന്  ദേശീയ പുരസ്കാരം കിട്ടുന്നതു", നടനും, എഴുത്തുകാരനും, ഗായകനും എം എസ് എൻ ഇന്ത്യ എന്റർടെയിന്മെന്റ് പത്രത്തിന്റെ  മുഖ്യപത്രാധിപരുമായ മുരളി പറയുന്നു. "എന്റെ ആദ്യ ഓർമ്മകളിൽ ഒന്ന് അച്ഛന്റെ കൂടെ ആ പുരസ്കാരം സ്വീകരിക്കാൻ ദെൽഹിക്കു പോയതാണ്.  മുഹമ്മദ് റാഫി അടക്കം ഇന്ത്യൻ സിനിമയിലെ പല അതികായന്മാരേയും കാണാൻ അവസരം കിട്ടി."

മലയാള സിനിമയ്ക്ക് ആഗോളതലത്തിലുള്ള പ്രഖ്യാതി നേടിക്കൊടുക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ഭരത് ഗോപിയുടെ മകന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം തലക്കെട്ടു വാർത്തയാകേണ്ടതായിരുന്നു, പക്ഷെ "രസികൻ" സിനിമയിലെ കാള ഭാസ്കരൻ എന്ന കഥാപാത്രമോ, ആ സിനിമയോ ആരും ഗൗനിച്ചില്ല.  ആ സിനിമയിൽ വില്ലന്റെ "കാമിയോ" ഭാഗം അഭിനയിച്ച വ്യക്തിയാണ് അതിന്റെ തിരക്കഥ എഴുതിയതു് എന്ന വിവരം ഇപ്പോഴും അറിയപ്പെടുന്ന കാര്യമല്ല.  പക്ഷെ മുരളിഗോപി തന്റെ ആദ്യ സിനിമയുടെ പരാജയത്തിലോ, ഭരത് ഗോപിയുടെ മകൻ എന്ന നിലയിലുള്ള പ്രതീക്ഷകളിലോ അസ്വസ്ഥനല്ല.

"ഞാൻ എന്റെ അച്ഛന്റെ ഒരു വിനീത ആരാധകനാണ്.  അദ്ദേഹം ഇന്നിരിക്കുന്ന ഇടം, അതു് അദ്ദേഹത്തിന്റെ മാത്രം കസേരയാണ്. എനിക്കതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള അവകാശത്തിൽ കൂടുതൽ ഒന്നുമില്ല. "രസികൻ" സിനിമ എടുക്കേണ്ടതു പോലെ എടുത്തില്ല.  അവിടെ സംഭവിച്ചത് ഒരു ഹാസ്യാനുകരണ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായവ്യതാസങ്ങൾ കാരണമുള്ള പരാജയമായിരുന്നു.

രസിക"നു ശേഷം ജന പ്രീതി നേടിയ കഥാപാത്രങ്ങളെ "ഭ്രമരം", "ഗദ്ദാമ", ഏറ്റവും അടുത്ത ചിത്രമായ "ഈ അടുത്ത കാലത്ത്" എന്നീ സിനിമകളിൽ അഭിനയിച്ചുവെങ്കിലും, മുരളി ഗോപി സ്വയം "നടൻ" എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ നടനായി കണക്കാക്കുന്നില്ല.

"എന്റെ അഭിനയം സംവിധായകന് എന്റെ മേലുള്ള വിശ്വാസമാണ്.   ഞാൻ വെള്ളിത്തിരയിൽ കാഴ്ചവെയ്ക്കുന്ന അഭിനയം, സംവിധായകന്റെ നിർദ്ദേശങ്ങളനുസരിച്ചതാണ്.  അതിനപ്പുറം ഒരു നടനായി എന്നെ ഞാൻ കണക്കാക്കുന്നില്ല.

ഒരു പത്ര പ്രവർത്തകന്റെ തൊഴിലാണ് ചെയ്യുന്നതെങ്കിലും, സ്വയം ഒരു പത്രപ്രവർത്തകനെന്നും വിളിക്കുന്നില്ല.  "ഞാൻ പത്ര പ്രവർത്തന രംഗത്തെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നു. ജീവിതത്തിൽ വലിയ അഭിലാഷങ്ങളൊന്നും വച്ചു പുലർത്തിയിരുന്നില്ല. ഞാനൊരു ലക്ഷ്യമില്ലാത്ത സഞ്ചാരിയായിരുന്നു - കാറ്റിന്റെ ഗതിക്കൊത്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക്.  ഞാനിന്നെന്താണൊ അതങ്ങിനെ സംഭവിച്ചു - ഒന്നും ആസൂത്രിതമല്ല.

മൂന്നാമതും ആവർത്തിച്ചു ചോദിച്ചപ്പോൾ ഒരു വിധം സമ്മതിച്ച് മുരളി പറഞ്ഞു  "ശരി, എന്നെ ഒരു എഴുത്തുകാരൻ എന്നു വിളിച്ചോളൂ, എഴുത്തിനോട് എനിക്ക് പ്രണയമാണ്."

പത്തൊമ്പതു വയസ്സിൽ മുരളി ഗോപിയുടെ "ആയുർ രേഖ" കലാ കൗമുദി പ്രസിദ്ധീകരിച്ചു.  രണ്ടാമത്തെ പുസ്തകം "രസികൻ സോദനൈ", പല സമയങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരമാണ്.  "രസികൻ" സിനിമയുടെ തിരക്കഥയെഴുതി. ഇനിയും നാമകരണം ചെയ്യാത്ത മൂന്നു സിനിമകളുടെ തിരക്കഥകൾ അരുൺ കുമാർ അരവിന്ദ്, രാജേഷ് പിള്ള, രതീഷ് അമ്പാട്ട്  എന്നിവർക്കായി ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്.  സ്വന്തം പ്രണയത്തോടുള്ള ആത്മാർത്ഥതയോടെ, തിരക്കഥകളെ സിനിമയുടെ യഥാർത്ഥ നായകൻ എന്നു വിളിക്കുന്നു.

"രസിക"നു ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് മുരളി ഗോപിയുടെ രണ്ടാമത്തെ തിരക്കഥ സിനിമയാക്കുന്നതു്.  ഈ സിനിമ നല്ല പ്രദർശന വിജയം കൈവരിച്ചു എന്നു മാത്രമല്ല, മുരളി ഗോപി അവതരിപ്പിച്ച "അജയ് കുരിയൻ" എന്ന മാനസിക രോഗിയായ കഥാപാത്രത്തിന് വമ്പിച്ച ജനപ്രീതി നേടാനും സാധിച്ചു.

"തിരക്കഥ ഒരിക്കലും താരങ്ങൾക്കു വേണ്ടിയാകരുതു്;  തിരക്കഥയായിരിക്കണം സിനിമയിലെ നായകൻ" മുരളി പറയുന്നു.

ലക്ഷ്യമില്ലാത്ത പഥികനാണ് താൻ എന്ന് മുരളി ഗോപി ആവർത്തിച്ചു പറയുന്നുവെങ്കിലും, പാരമ്പര്യമായിക്കിട്ടിയ ജീൻസിനോട് നീതി പുലർത്തും വിധം മുരളി സിനിമകളുടെ കടുത്ത ആരാധകനാണെന്നു മാത്രമല്ല, അവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്.

"സിനിമ ആദ്യമായും പ്രധാനമായും രസിപ്പിക്കണം. ഇങ്ങിനെ പറയാം - ഒരാൾക്ക് കയ്ക്കുന്ന ഗുളിക കൊടുക്കുകയാണെങ്കിലും അതിനൊരു മധുരാവരണം ഉണ്ടായിരിക്കണം.  സിനിമാ ലോകത്ത് "ഫോർമുല" അനുസരിച്ചുണ്ടാക്കുന്ന സിനിമകൾ ഉണ്ടാക്കുമെന്നത് നിഷേധിക്കാനാവത്ത സത്യമാണ്. പക്ഷെ അതേ സമയം "പതിവു പാതകൾ വിട്ടു നടക്കുന്ന" സിനിമകൾ ഉണ്ടാക്കുന്ന ഒരു സമാന്തര വഴിയും ഉണ്ടായിരിക്കണം.  സിനിമയിൽ സൂപ്പർ താരങ്ങൾ അരുത് എന്നും ഞാൻ പറയില്ല.  സൂപ്പർ താരങ്ങൾ ഒരു നല്ല കാര്യമാണ്;  അതു് സിനിമയുടെ "ദുരൂഹത" യ്ക്ക് മാറ്റു കൂട്ടും. പക്ഷെ സിനിമാ ലോകം സൂപ്പർ താരങ്ങളുടെ കല്പനയിൽ നില നിൽക്കുന്നതാകരുതു്. എല്ലാ സൂപ്പർ താരങ്ങൾക്കും മുകളിലായിരിക്കണം സിനിമയുടെ സ്ഥാനം.

സംസ്ഥാനത്തിലെ സിനിമാ  സംസ്കാരത്തെക്കുറിച്ചുള്ള മുരളിയുടെ വീക്ഷണം ഇങ്ങിനെ പോകുന്നു....

ഈയ്യിടെ സിനിമാ നിർമ്മാതാക്കളുടെ കണ്ണ് തുടക്കത്തിലെ വരവിലാണ്.  കഴിയുന്നത്ര ഏറ്റവും ചുരുങ്ങിയ കാലയളവിൽ വാരിക്കൂട്ടിക, അതിനു ശേഷം ആ സിനിമയുടെ കാര്യം മറക്കുക.  താരപ്രധാനങ്ങളായ  പ്രമേയങ്ങൾ ചിത്രീകരിക്കുന്ന സിനിമകൾക്ക്  ഈ വഴി ചേരുമെങ്കിലും, വ്യത്യസ്ത പ്രമേയങ്ങളുമായി വരുന്ന ചെറുകിട ചിത്രങ്ങൾക്ക്  ബോക്സ് ആഫീസിൽ വളരാൻ സമയം ആവശ്യമാണ്.

"ഈ അടുത്ത കാലത്ത്" പോലും ആദ്യ മാന്ദ്യം അതിജീവിച്ച ശേഷമാണ് നിറഞ്ഞ തിയേറ്ററുകളും, വൻ വിജയവും കൈവരിച്ചതു്. അത്തരം സിനിമകൾക്ക് വളർന്നു പന്തലിക്കാനുള്ള സ്ഥലം അനുവദിച്ചു കിട്ടാൻ, ഇപ്പോഴുള്ള ഒരു സിനിമ മാത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാന സംസ്കാരത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകണം.  എല്ലാ വലിയ പട്ടണങ്ങളിലും കുറേ സിനിമകൾ ഒരേ സമയത്തു പ്രദർശിപ്പിക്കാവുന്ന (മൾട്ടി പ്ലക്സ്) സംസ്കാരം വടക്കേ ഇന്ത്യയിലെന്ന പോലെ ഇവിടെയും വരണം.  മൾട്ടിപ്ലക്സ്കൾ  ചെറുകിട ചിത്രങ്ങളെ ബോക്സ് ആഫീസിൽ കാലുറപ്പിക്കാൻ അനുവദിക്കും. മൾട്ടിപ്ലക്സ് സംസ്കാരം കാരണമാണ് ഹിന്ദി സിനിമയിൽ അനുരാഗ് കാശ്യപ് പോലുള്ള സംവിധായകർ എത്തിപ്പെട്ടതു്."

മുരളി ഗോപിക്ക് ജീവിതത്തിൽ നിശ്ചിത ലക്ഷ്യങ്ങൾ ഇല്ലായിരിക്കാം,പക്ഷെ തീർച്ചയായും ശക്തമായ ചില ധർമ്മങ്ങളുടെ ഉടമയാണ്

“എന്റെ ഏക ലക്ഷ്യം ഞാൻ ഇടപെടുന്ന വിഷയങ്ങൾ ആത്മാർത്ഥമായും, ശ്രദ്ധവെച്ചും ചെയ്യുക എന്നതാണ്;  ബാക്കിയെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്",  ചിരിച്ചു കൊണ്ട് പറയുന്നു.

കാറ്റിൽ വിത്തുകൾ അവിടെയിവിടെ  പറന്നു നടന്ന്, ശരിയായ സ്ഥലത്തെത്തുമ്പോൾ അവിടെ വേരിട്ട്, പടർന്ന് പന്തലിച്ച് മനുഷ്യർക്ക് മധുര ഫലങ്ങൾ കൊടുക്കുന്നു.  ഈ കലാകാരന്റെ സ്വന്തമായ പല കഴിവുകൾ, കാറ്റിന്റെ ഗതിക്കൊത്തു സഞ്ചരിച്ച്, അവസാനം സിനിമാ ലോകത്ത് വന്നിറങ്ങിയിരിക്കുന്നു.  വേരിടുമോ, പടർന്നു പന്തലിക്കുമോ എന്നെല്ലാം അറിയാനിരിക്കു

ന്നതേയുള്ളു, പക്ഷെ "ഈ അടുത്ത കാലത്ത്" ഒരു സൂചനയാണെങ്കിൽ, മുരളി ഗോപിയെ കാറ്റ്  തീർച്ചയായും എത്തേണ്ട സ്ഥലത്തു തന്നെ എത്തിച്ചിരിക്കുന്നു.

You may read the original article here:
http://www.yentha.com/news/view/features/interview-of-the-week-murali-gopy-drifting-with-the-wind

This article was translated by:  Variath Madhavan Kutty and edited by Jayashree
Thottekkaat.