Monday, 2 April 2018

"പൂമരം" ഒരു ആസ്വാദക കുറിപ്പ്.




1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പൂമരം. എബ്രിഡ് ഷൈൻ ആദ്യ സിനിമ ക്രിക്കറ്റ് പശ്ചാത്തലത്തിലും രണ്ടാം സിനിമ പോലീസ് സ്റ്റേഷൻ പരിസരമാക്കിയുമാണ് കഥ പറഞ്ഞത് എങ്കിൽ പൂമരത്തിലെത്തുമ്പോൾ സ്ഥിരം കഥപറച്ചിലിന്റെ ശൈലി മാറ്റി 5 ദിവസങ്ങളിൽ ആയി നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ കാഴ്ചകൾ ആണ് പറയുന്നത് (കാണിക്കുന്നത്). ഈ സിനിമ കലോത്സവം ആസ്വദിക്കുന്ന ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാട് കാണിക്കുന്ന വൈഡ് ആംഗിൾ ഷോട്ടുകളിലൂടെ ആണ് മുന്നോട്ടു പോകുന്നത്. ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചു കഥ പറഞ്ഞു പോകുന്ന രീതിയല്ല സിനിമക്കുള്ളത്.
പത്തറുപത് കോളേജുകൾ പങ്കെണ്ടുക്കുന്നതാണ് കലോത്സവം എങ്കിലും വർഷങ്ങൾക്ക് ശേഷം കലോത്സവ ചാമ്പ്യൻഷിപ്പ് പട്ടം തിരിച്ചു പിടിക്കുവാൻ ശ്രമിക്കുന്ന മഹാരാജാസ് കോളേജും, കഴിഞ്ഞ അഞ്ചു വർഷങ്ങളായി വിജയിക്കുന്ന കലോത്സവ ചാമ്പ്യൻഷിപ്പ് പട്ടം നിലനിർത്താൻ ശ്രമിക്കുന്ന സെന്റ് തെരേസാസ് കോളേജും കലോത്സവത്തിനായി നടത്തുന്ന ഒരുക്കങ്ങളിലൂടെ ആണ് സിനിമ ആരംഭിക്കുന്നത്. മഹാരാജാസ് കോളേജ് ചെയർമാൻ ഗൗതമൻ ആയി കാളിദാസ് ജയറാമും സെന്റ് തെരേസാസ് കോളേജ് ചെയർപേഴ്സൺ ഐറീൻ ആയി നീത പിള്ളയും അഭിനയിച്ചിരിക്കുന്നു. എന്നാൽ ഇവരിലേക്കു മാത്രം സിനിമ ഒതുങ്ങിപ്പോകുന്നില്ല.  സാധാരണ കോളേജ് പശ്ചാത്തല സിനിമകളിൽ കാണുന്ന ചെയർമാൻമാരിൽ ഉള്ള തീപ്പൊരി സ്വഭാവങ്ങൾ ഒന്നും ഗൗതമനില്ല, എന്നാൽ ഐറീൻ നേരെ വിപരീത സ്വഭാവത്തിലുള്ളതാണ്. രണ്ടു പേരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. ചെറുതും വലുതമായ വേഷങ്ങളിൽ ഒരുപാട് പുതുമുഖങ്ങൾ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുമുണ്ട് .സിനിമാറ്റിക് ആയി പറയാതെ റിയലിസ്റ്റിക് രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇത് ചിലപ്പോഴെങ്കിലും സാധാരണ പ്രേക്ഷകരെ ആസ്വാദനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. റിയലിസ്റ്റിക് ആയി മുന്നോട്ടു പോയ സിനിമ ക്ലൈമാക്സ് രംഗങ്ങളിൽ ആണ് കുറേക്കൂടി സിനിമാറ്റിക് ആകുന്നത്. അതിൽ ഒരു ഏച്ചുകെട്ടൽ അനുഭവപ്പെടുകയും ചെയ്തു. സിനിമയുടെ സ്വഭാവം മനസ്സിലാക്കി കലോത്സവ കാഴ്ചകളിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞാൽ ആസ്വാദ്യകരമാണ് പൂമരം. കോളേജ് കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്കു ആ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്കും, അല്ലാത്തവർക്ക് കലോത്സവം എന്ന പുതിയ അനുഭവവും പൂമരം സമ്മാനിക്കുന്നു.






Wednesday, 22 January 2014

സിനിമ സമൂഹത്തോട് പറയേണ്ടത്

ഓള്‍ഡ് ജനറേഷന്‍ കൈവിട്ടും, ന്യൂ ജനറേഷനില്‍ മുങ്ങിയും മലയാള സിനിമയുടെ നിലവാരം പൂജ്യവും കടന്ന് താഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ് പുതിയൊരു അനുഭവവും വ്യത്യസ്തമായ കഥയുമായി "ദൃശ്യം" ഇറങ്ങുന്നത്. അസാദ്ധ്യമായ അഭിനയ മികവ് എന്നൊന്നും സിനിമയില്‍ എവിടേയും അവകാശപ്പെടാവുന്നതല്ലെങ്കിലും ഈ സിനിമയിലെ അഭിനേതാക്കള്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പറയാതെ വയ്യ. മോഹന്‍ലാല്‍, മീന, അന്‍ഷിബ, എസ്തര്‍, ഷാജോണ്‍, ആശ ശരത്, സിദ്ധിക്ക്, എന്ന് വേണ്ട, ആ സിനിമയില്‍ സെക്കന്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഓട്ടോ ഡ്രൈവറും ഹോട്ടല്‍ കാഷ്യറും ബസ് കണ്ടക്ടറും വരെ അതിമനോഹരമായി അവരുടെ റോളുകള്‍ ചെയ്യാന്‍ ജിത്തു ജോസഫ് പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി സിനിമയിലുടനീളം കാണാം. ഒരു പക്ഷെ മലയാളസിനിമ കത്തി നിന്നിരുന്ന കാലത്ത് ആണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ ഇത് ഇത്രയും ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന വിമര്‍ശകരുടെ ചോദ്യത്തിന് ഒരു മറുചോദ്യം തന്നെ ആണ് മറുപടി. "അങ്ങനെ ഉള്ള ഒരു കാലത്ത് അല്ലല്ലോ ഈ സിനിമ ഇറങ്ങിയത്!!" കുറേ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു നല്ല സിനിമ എന്ന ലേബല്‍ ദൃശ്യത്തിന് ലഭിച്ചതില്‍ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം.

അതിനിടെയാണ്, സിനിമ തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നു എന്ന് പറഞ്ഞ് കേരള പോലീസ് ഡിജിപി ശ്രീ ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. (വീഡിയോ ഇവിടെ കാണാം). കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ മനപ്പൂര്‍വ്വം തെറ്റിധരിപ്പിക്കല്‍, ഗൂഢാലോചന, സ്ത്രീപീഡനം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 മുതല്‍ കുറേയങ്ങോട്ടുള്ള വകുപ്പുകള്‍ ഡിജിപി ആ സിനിമയില്‍ കണ്ടതില്‍ തെറ്റില്ല. എങ്കിലും ഇത്തരം ഒരു പരസ്യ പ്രസ്താവന ഈ അവസരത്തില്‍ ഡിജിപി നടത്തിയതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാതിരിക്കാനാവില്ല. ചാനലുകളില്‍ ഇതിന്റെ ചര്‍ച്ച എന്ന പേരില്‍ സിനിമയുടെ പൂര്‍ണ്ണ കഥയും പലരും പറഞ്ഞത് ഈ സിനിമ ആദ്യമായി കാണുന്നവരുടെ രസം കളഞ്ഞു എന്ന് നിസ്സംശയം പറയാം.

സിനിമ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് കഥയോ കഥയിലെ "ട്വിസ്റ്റോ" പറഞ്ഞ് സിനിമയുടെ സസ്‌പെന്‍സ് കളയാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, സിനിമയില്‍ ഒരു കൊലപാതകം നടക്കുന്നു എന്ന് സിനിമ കാണാത്തവര്‍ക്ക് ഇതിനോടകം മനസ്സിലായി കാണും. മകളുടെ കുളി മൊബൈലില്‍ പകര്‍ത്തി മകളോടും അമ്മയോടും വില പേശിയ ഐജിയുടെ മകന്‍ കൊല്ലപ്പെടുന്നതും, തുടര്‍ന്ന് കുടുംബത്തെ ആ കേസില്‍ നിന്നും രക്ഷിക്കാന്‍ കുടുംബനാഥന്‍ നടത്തുന്ന ശ്രമങ്ങളും ആണ് സിനിമയില്‍. മരിച്ചത് വില്ലന്‍ ആയതിനാലും, അവന്റെ തെമ്മാടിത്തരം കാണികള്‍ക്ക് പിടിക്കാത്തത് കൊണ്ടും ആ  കൊലപാതകം (ഒരു കൈയബദ്ധം ആണെങ്കില്‍ കൂടി) കാണികള്‍ ക്ഷമിച്ചു എന്ന് വേണം കരുതാന്‍. (സിനിമ കാണാത്തവരോട്: "ഇതാണൊ കഥ" എന്ന് പറഞ്ഞ് പോകാന്‍ വരട്ടെ. ഇതൊന്നും അല്ല സിനിമയുടെ സസ്‌പെന്‍സ്. അത് കൊണ്ട് പോയി സിനിമ കാണുക). മകളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത ആളോട് സംസാരിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് പോലീസില്‍ അറിയിക്കണം എന്നാണ് ഡിജിപി അഭിപ്രായപ്പെട്ടിട്ടുള്ളത്. നല്ല കാര്യം തന്നെ. അത് ആരും അംഗീകരിക്കുന്നു. പക്ഷെ ഇവിടെ പ്രതി ഐജിയുടെ മകന്‍ ആണ്. ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ഒതുക്കി തീര്‍ക്കാതെ പ്രതിയെ കോടതിയില്‍ എത്തിക്കും എന്ന് ഏത് പോലീസിന് ഉറപ്പിച്ച് പറയാന്‍ കഴിയും? പിന്നെ പൊതുജനങ്ങള്‍ക്കുള്ള ഏക ആശ്രയം മാധ്യമങ്ങള്‍ ആണ്. ആ വീഡിയോ മാധ്യമങ്ങള്‍ക്ക് കിട്ടിയാല്‍ അത് നാട്ടുകാരെ മുഴുവന്‍ ഒരു ഉളിപ്പും ഇല്ലാതെ കാണിക്കും എന്ന് രഞ്ജിത സംഭവം തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ സിനിമയിലെ ഈ കഥാപാത്രം ഇവിടെ ആ വഴിക്കൊന്നും ചിന്തിച്ചിരിക്കാന്‍ സാദ്ധ്യതയില്ല. രാജാക്കാട് ഗ്രാമത്തിലെ തനി നാട്ടിന്‍പുറത്ത് കാരായ കുടുംബം അപ്പോള്‍ ചെയ്തത്, നമ്മള്‍ ആരും ചെയ്യുന്ന കാര്യമാണ്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പണ്ടും ഇന്നും രക്ഷിതാക്കള്‍ ആദ്യം ചെയ്യുന്നത് ആ കുട്ടിയോട് സംസാരിക്കുക, അല്ലെങ്കില്‍ ആ കുട്ടിയുടെ രക്ഷിതാക്കളോട് സംസാരിക്കുക എന്നതാണ്. അതും കഴിഞ്ഞ് സ്കൂളിലെ ടീച്ചര്‍മാരും കഴിഞ്ഞാണ് പോലീസിന്റെ സ്ഥാനം. സിനിമയിലെ വീട്ടമ്മ റാണി തികച്ചും ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. പറഞ്ഞിട്ടും കേട്ടില്ലെങ്കില്‍ ഒരു പക്ഷെ അടുത്ത ദിവസം അവര്‍ പോലീസിനെ സമീപിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ അവര്‍ പോലീസില്‍ അറിയിച്ചിട്ട് പോലീസ് നടപടി എടുത്ത് പ്രതിയെ തടവറയില്‍ ആക്കിയാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടോ? ഇത്ര നല്ല ഒരു സിനിമ മലയാളികള്‍ക്ക് കിട്ടുമോ? ഈ വിവാദങ്ങളുണ്ടോ? ഈ ബ്ലോഗ് ഉണ്ടോ? ശരിക്കും അങ്ങനെ ആണ് വേണ്ടിയിരുന്നത്. പക്ഷെ അങ്ങനെ അല്ല സംഭവിച്ചത് എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

ഈ സിനിമ കണ്ട ഡിജിപി ശ്രീ ടി പി സെന്‍കുമാര്‍ പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചു എന്ന് തോന്നുന്നില്ല. ഒരു കൊലപാതകം മൂടിവെയ്ക്കല്‍ അത്ര എളുപ്പം അല്ല എന്ന് ഈ സിനിമ വ്യക്തമായി കാണിച്ച് തരുന്നുണ്ട്. പ്രതിയെ കൊന്നു എന്നും, ആര് കൊന്നു എന്നും പോലീസിന് വളരെ വ്യക്തമായി ഈ സിനിമയില്‍ മനസ്സിലാകുന്നുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. സിനിമ അല്ല, ഇത് യഥാര്‍ത്ഥ സംഭവം ആണ് എന്ന് ഡിജിപിയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ ഈ കേസില്‍ കേരള പോലീസ് ഇങ്ങനെ ആണ് കേസ് അന്വേഷിക്കുക എന്ന് ഡിജിപി വിശ്വസിക്കുന്നുണ്ടോ? കാറിന്റെ സ്റ്റിയറിംഗ് വീലിലെ ഫിംഗര്‍പ്രിന്റ് അനാലിസിസ്, ഹോട്ടല്‍ റജിസ്റ്ററിലെ ഹാന്റ്റൈറ്റിങ്ങ് അനാലിസിസ്, ഔട്ട് ഹൗസില്‍ തെളിവെടുപ്പ് എന്നിവ നടത്തില്ല എന്നാണോ പൊതുജനങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? കുറഞ്ഞ പക്ഷം, സിം കാര്‍ഡ് മാറ്റി ഇട്ട പുതിയ മൊബൈലിലെ IMEI നമ്പര്‍ ഇതിന് മുമ്പ് ഏത് നമ്പറില്‍ ആയിരുന്നു എന്നും, ആ ഫോണ്‍ ഏത് കടയില്‍ വിറ്റു എന്നും, അവിടെ നിന്നും ആര് വാങ്ങി എന്നും അന്വേഷിക്കില്ലേ? ഒന്നും ഇല്ലെങ്കില്‍ ധ്യാനത്തിന്റെ സിഡിയില്‍ അതില്‍ പങ്കെടുത്തവരെ കാണിക്കുമല്ലോ? ആ നിലയ്ക്ക് ഈ സിനിമ നല്‍കുന്ന സന്ദേശം കണ്ട് ഒരാള്‍ ഒരു കൊലപാതകം മറച്ച് വെയ്ക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ അധികം താമസിയാതെ ജയിലിലാകും എന്നായിരുന്നു ഡിജിപി പറയേണ്ടിയിരുന്നത്. അല്ലെങ്കില്‍ സിനിമയില്‍ ഒരു അറിയിപ്പ് കൊടുക്കുക, "ഇത് ഒരു സാങ്കല്‍പ്പിക കഥയാണ്. ഇത് പോലെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അഴി എണ്ണേണ്ടി വരും!!".

പക്ഷെ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ വന്ന ജീത്തു ജോസഫിന് സഹിക്കാതിരുന്നത് ഇതൊന്നും അല്ല. തന്റെ സിനിമയെ മാത്രം എന്തിന് പറയുന്നു എന്നാണ്. ശരിയാണ്. തികച്ചും ന്യായമായ ചോദ്യം. ദേവാസുരം മുതല്‍ ഇങ്ങോട്ട് മോഹന്‍ലാല്‍ മീശ പിരിച്ച ഒരു സിനിമയിലും പോലീസിന് നേരെ കൈ വെയ്ക്കാത്ത മോഹന്‍ലാല്‍ ഇല്ല. പബ്ലിക്ക് റോഡില്‍ പോലീസുകാരന്റെ അപ്പന് വിളിക്കുന്നതും, അടിച്ച് പരത്തുന്നതും, വെല്ലുവിളിക്കുന്നതും ഒന്നും ഡിജിപി കണ്ടില്ല എന്നുണ്ടോ? ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച് ഡിജിപി അന്നും സര്‍വ്വീസില്‍ ഉണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. പോലീസ് പുല്ലാണ് എന്ന ഭാവത്തില്‍ എത്ര സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പോലീസ് പിടികൂടാതെ, തെളിവുകള്‍ നശിപ്പിച്ച് എങ്ങനെ ആളുകളെ കൊല്ലാം എന്ന് മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ ട്വന്റി 20, ക്രിസ്ത്യന്‍ ബ്രതേഴ്സ് എന്നിവ കാണിച്ച് തരുന്നുണ്ട്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ തന്നെ, എങ്ങനെ കയറില്‍ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കാം എന്ന് ഏഞ്ചുവടി മന:പ്പാഠം കണക്കെ സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ആയി പഠിപ്പിക്കുന്ന എത്ര സിനിമകള്‍. ചേച്ചി റിമോട്ട് നല്‍കാത്തതിനും, അമ്മ പഠിക്കാന്‍ പറഞ്ഞതിനും, അച്ഛന്‍ അടിച്ചതിനും വരെ സ്‌കൂള്‍ കുട്ടികള്‍ കയറില്‍ ജീവിതം അവസാനിപ്പിക്കുന്നതിന് ഈ സിനിമകള്‍ നല്‍കിയ സംഭാവന ചെറുതല്ല. ഈ സിനിമകള്‍ എല്ലാം ഇവിടെ യഥേഷ്ടം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, പോലീസിന്റെ അടി മുഴുവന്‍ നിന്ന് വാങ്ങുന്ന മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമയ്ക്ക് നേരെ ഡിജിപി തിരിഞ്ഞത് ശരിയായ നടപടിയായി തോന്നുന്നില്ല. സത്യം പറയിക്കാന്‍ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന പോലീസിന് നേരെ പ്രതികരിക്കാതെ, തിരിച്ച് അടിക്കുകയോ ചവിട്ടുകയോ ചെയ്യാതെ, അടി മുഴുവന്‍ നിന്ന് കൊള്ളുന്ന ഒരു സിനിമ ഇതിന് മുമ്പ് ഇറങ്ങിയത് എത്ര വര്‍ഷം മുമ്പാണ്?

അത് കൊണ്ട് സര്‍, ഇത് സിനിമയാണ്. എഡിജിപി ബി സന്ധ്യയുടെ വാക്കുകള്‍ കടം എടുക്കട്ടെ, "സിനിമയെ സിനിമ ആയി കാണുക".

Tuesday, 9 April 2013

"പുതുമഴത്തുള്ളികളു"ടെ "Evidence" തേടി

"പുതുമഴത്തുള്ളികളു"ടെ "Evidence" കണ്ടു പിടിക്കുന്നതിനു മുമ്പ് ആ ചിത്രത്തിന്റെ സംവിധായകനും, നടനുമായ "രാഘവനെ"-ക്കുറിച്ച് ഒരു നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു.

നായക ദാരിദ്ര്യം അനുഭവപ്പെട്ടിരുന്ന മലയാള സിനിമയില്‍ (50-60 കളില്‍ സത്യന്‍, നസീര്‍, മധു ഇവര്‍ മാത്രമായിരുന്നല്ലോ മുന്നണി നായകന്മാര്‍) 60-തിന്റെ അവസാനത്തോടെ തനി മലയാളിത്തവും, സൗമ്യ പൌരുഷ ലക്ഷണവും, "റൊമാന്റിക്‌ ചിത്രങ്ങള്‍"ക്ക് പറ്റിയ അംഗ ലാവണ്യവുമൊത്ത എന്നാല്‍ പരിഷ്കൃതനുമായ ഒരു നടന്‍ രംഗപ്രവേശം ചെയ്തു - അതാണ്‌ "രാഘവന്‍".  ഈ സ്വഭാവ വിശേഷതകളുള്ള രാഘവനെ കേന്ദ്ര കഥാപാത്രമാക്കിയോ, നായകനാക്കിയോ കൊണ്ടുള്ള "Mills & Boons" ചിത്രങ്ങള്‍ വരേണ്ടതായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ രാഘവനെ തേടി എത്തിയില്ല എന്ന് മാത്രമല്ല, അവയൊക്കെ അന്നും നിത്യഹരിത നായകനെയും, മധുവിനെയും തേടിയായിരുന്നു പോയിരുന്നത്. രാഘവനെ തേടിയെത്തിയ കഥാപാത്രങ്ങളോ, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലെ നായകനോ, അച്ഛനമ്മമാരെ എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായനായ കഥാപാത്രമോ, അവശ കാമുകന്റെ കഥാപാത്രങ്ങളോ ആയിരുന്നു.  അങ്ങനെ സംഭവിക്കാന്‍ വഴിയൊരുക്കിയത് രാഘവന്‍ ആദ്യ കാലങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.  അഭയം, ചായം, ചെമ്പരത്തി എന്നീ ചിത്രങ്ങളെ ഉദാഹരണമായി പറയാം. ഈ ചിത്രങ്ങളെല്ലാം തനിക്കൊരു വഴിത്തിരിവായിരിക്കും എന്ന് രാഘവന്‍ പ്രതീക്ഷിച്ചിരിക്കാം, കാരണം അവയിലെല്ലാം രാഘവന്റെ അഭിനയം പ്രശംസിക്കപ്പെട്ടിരുന്നു.  പക്ഷേ അവയില്‍  ചെമ്പരത്തി ഒഴിച്ച് മറ്റു രണ്ടു ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.  ചെമ്പരത്തിയോ രാഘവനെ "stereo type" കഥാപാത്രങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു.  അതേ പോലെ "solo" നായകനായി രാഘവന്‍ അഭിനയിച്ച ചില ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടതോടെ (സപ്തസ്വരങ്ങൾ, പ്രേതങ്ങളുടെ താഴ്വര, ഇത്യാദി) പിന്നീട് വന്ന അവസരങ്ങളെല്ലാം രണ്ടോ, അതില്‍ക്കൂടുതലോ നായകന്മാരുള്ള ചിത്രങ്ങളില്‍ ഒരാളായിട്ടായിരുന്നു. അവയൊന്നും രാഘവനെ മുന്നണിയിലെത്തിക്കാന്‍ സഹായിച്ചുമില്ല.

മറ്റൊരു നല്ല സാധ്യത കൂടി മലയാള സിനിമ നഷ്ടപ്പെടുത്തിയിരുന്നു. അതായത് നസീര്‍-ഷീല ജോഡിയെപ്പോലെ "രാഘവന്‍-ശ്രീവിദ്യ" ജോഡിയും പ്രശസ്തമാവേണ്ടതായിരുന്നു. നാടന്‍ സൗന്ദര്യവും, ശാലീനതയും, ഒപ്പം അഭിനയത്തിൽ രാഘവനെപ്പോലെ തന്നെ നാടകീയത കലര്‍ത്താത്ത മിതത്വവും പ്രകടിപ്പിച്ച നടിയായിരുന്നു ശ്രീവിദ്യ.  കൂടാതെ തിരശ്ശീലയില്‍ അവര്‍ "made for each other" ആയും തോന്നിച്ചിരുന്നു. തമിഴിലെ പ്രശസ്തമായ "തില്ലാനാ മോഹനാംബാളി"നു  മറുപടിയായി മലയാളത്തില്‍ (റീമേക്ക് അല്ല) "സപ്തസ്വരങ്ങള്‍" നിര്‍മ്മിച്ചപ്പോള്‍ അതില്‍ നായക-നായികയായി പ്രത്യക്ഷപ്പെട്ടത് രാഘവന്‍ - ശ്രീവിദ്യ ആയിരുന്നു. അവര്‍ രണ്ടുപേരും ഒന്നിച്ച ആദ്യ ചിത്രവും അതായിരുന്നു. അതിമനോഹരമായ ഗാനങ്ങളുണ്ടായിട്ടും ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. അതുകൊണ്ട് അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിന്നീട് ചിത്രങ്ങള്‍ ഇറങ്ങിയില്ല. അവര്‍ ജോഡിയായി പിന്നീട് ചെയ്ത ചിത്രങ്ങളെല്ലാം ഉപകഥാപാത്രങ്ങളായിരുന്നു.  അങ്ങനെ മികച്ച ജോഡികളായി തിളങ്ങേണ്ട രാഘവന്‍ - ശ്രീവിദ്യ ജോഡി ശോഭിക്കാതെ പോയി.  അത് മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടം തന്നെയാണെന്ന് ഞാന്‍ പറയും.

70-തിന്റെ പകുതിയോടെ രംഗത്തു വന്ന സോമന്‍, സുകുമാരന്‍, ജയന്‍ എന്നിവര്‍ രാഘവനെ മറികടന്നു മുന്നോട്ടു കുതിച്ചു പാഞ്ഞതും, 70-തിന്റെ അവസാനം 80-തിന്റെ തുടക്കത്തില്‍ രംഗത്തു വന്ന ശങ്കര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, രതീഷ്‌ എന്നിവര്‍ സജീവമായതും കാരണം രാഘവന് അതുവരെ ലഭിച്ചിരുന്ന കൊച്ചു കൊച്ചു  വേഷങ്ങള്‍ പോലും ലഭിക്കാതെയായി.

നായകനായി വിജയം വരിക്കാതെ പോയ ചിലര്‍ പിന്നീട് സ്വഭാവ നടനായി വിജയം വരിച്ച കഥയുണ്ട്, ഉദാഹരണത്തിന് തമിഴിലെ "വിജയകുമാര്‍"-നെ ചൂണ്ടിക്കാണിക്കാം.  രാഘവന്  അതും സാദ്ധ്യമായില്ല. അതേ പോലെ നടനെന്ന നിലയില്‍ പിടിച്ചുനില്ക്കാന്‍ കഴിയാതെ പോയവര്‍ ചുവടു മാറ്റി സംവിധായകന്റെ കുപ്പായം അണിഞ്ഞു വിജയിച്ച കഥയുമുണ്ട് - ഉദാഹരണത്തിന് ബോളിവുഡ്-ലെ "സുഭാഷ്‌ ഘയ്", "രാകേഷ് റോഷന്‍", "അമോല്‍ പാലേകര്‍', "സച്ചിന്‍" എന്നിവരെയും, മല്ലുവുഡ് / കോളിവുഡിലെ "പ്രതാപ്‌ പോത്തന്‍", "പ്രഭു ദേവ" എന്നിവരേയും പറയാം. രാഘവനും മനസ്സില്‍ അങ്ങനെ കരുതിയാവാം 80-തിന്റെ പകുതിയില്‍ ആദ്യമായിട്ട് സംവിധായകന്റെ കുപ്പായമണിഞ്ഞു. "കിളിപ്പാട്ട്" എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തിന്റെ നിര്‍മ്മാതാവും രാഘവന്‍ ആയിരുന്നു. പനോരമയ്ക്കും മറ്റും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സാമ്പത്തികമായി ചിത്രം പരാജയപ്പെടുകയാണുണ്ടായത്.  

ആദ്യ ചിത്രത്തിന്റെ പരാജയത്തില്‍ തളര്‍ന്നു പോവാതെ രാഘവന്‍ രണ്ടാമതൊരു ശ്രമം കൂടി നടത്തി - സംവിധായകനായി.  ആ ചിത്രത്തിന്റെ "Evidence" തേടിയാണ് നമ്മള്‍ യാത്ര പുറപ്പെട്ടത്‌.  അതെ, രാഘവന്‍ അടുത്തതായി സംവിധാനം ചെയ്ത ചിത്രമാണ് വെളിച്ചം കാണാത്ത, "Evidence" എന്ന് പിന്നീട് പേരുമാറ്റിയ "പുതുമഴത്തുള്ളികള്‍".  ആദ്യ ചിത്രം പരാജയപ്പെട്ടതു കൊണ്ടാണാവോ എന്തോ, രാഘവന്‍ പുതിയ ഒരു കഥയെ തേടിപ്പോവാതെ തമിഴില്‍ അന്ന് വന്‍ വിജയം നേടിയ "ഉദയ ഗീതം" എന്ന ചിത്രത്തെ റീമേക്ക് ചെയ്യാനാണ് തീരുമാനിച്ചത്.  ഒരു പക്ഷേ സുരക്ഷിതം എന്ന് കരുതിയാവാം.  അവിടെയാണ്  രാഘവന് ആദ്യ തെറ്റ് പറ്റുന്നത്.  കാരണം ഉദയ ഗീതം തമിഴ് നാട്ടിലെന്നപോലെ കേരളത്തിലെ മിക്ക സെന്ററിലും  പ്രദര്‍ശന വിജയം നേടിയിരുന്നു.  അപ്പോള്‍ ആ ചിത്രം മലയാളത്തില്‍ ഇറക്കിയാൽ വിജയിക്കും എന്ന് എങ്ങനെ കണക്കു കൂട്ടി?  രാഘവന് രണ്ടാമത്തെ തെറ്റു പറ്റിയത് രണ്ടു പ്രധാന കഥാപാത്രങ്ങള്‍ക്കായി തിരഞ്ഞെടുത്ത രണ്ടു പ്രധാന  നടീനടന്മാരായിരുന്നു - അതായത് "അമ്മയായി "സീമയെയും, മകനായി ശങ്കറിനെയും (തമിഴില്‍ ആ വേഷങ്ങള്‍ ചെയ്തത് ചട്ടക്കാരി ലക്ഷ്മിയും, മൈക്ക് മോഹനനുമായിരുന്നു).  മൂന്നാമത്തെ തെറ്റു പറ്റിയത് സംഗീത സംവിധായകന്റെ തിരഞ്ഞെടുപ്പിലായിരുന്നു.  മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നത് പ്രശസ്ത ഹിന്ദി സംഗീത സംവിധായകൻ "O. P. Nayyar" എന്നായിരുന്നു.  പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹമായിരുന്നില്ല സംഗീത സംവിധായകന്‍. പണം കൊടുത്ത് അദ്ദേഹത്തിന്റെ ചില പഴയ പാട്ടുകള്‍ വാങ്ങി, ആ ഈണത്തില്‍ "കൃഷ്ണതേജ്" എന്ന സംഗീത സംവിധായകനെക്കൊണ്ട് സംഗീതം നല്കിക്കുകയാണുണ്ടായത്.  ശരിക്കും ഒരു കൊല്ലാക്കൊലയാണ് അതിലൂടെ അവര്‍ ചെയ്തത്.  ഒ പി നയ്യാരുടെ  ഈണങ്ങളുടെ ഭംഗി, ആത്മാവ്, ശക്തി അതിലുപയോഗപ്പെടുത്തിയിരുന്ന "ഒറിജിനൽ" വാദ്യോപകരണങ്ങളായിരുന്നു. എന്നാൽ "കൃഷ്ണതേജ്" ചിട്ടപ്പെടുത്തിയതോ "synthesizer" ഉപയോഗിച്ചും. അതോടെ, ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആത്മാര്‍ത്ഥമായി ആലപിച്ചിട്ടും, ഗാനങ്ങളെല്ലാം "ആത്മാവ്" ഇല്ലാത്ത ശരീരം പോലെയായിത്തീര്‍ന്നു. കൂടാതെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കര്‍ണ്ണ കഠോരമായിരുന്നു.  ഈ ക്രൂരതയ്ക്കു മുതിരാതെ, ഒന്നുകില്‍  O. P. Nayyar-നെ തന്നെയോ, അല്ലെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും പ്രശസ്തനായ  സംഗീത സംവിധായകനെ തന്നെയോ ആ ചുമതല ഏല്‍പ്പിക്കാമായിരുന്നു. എല്ലാറ്റിലുമുപരി ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറ്റിയതായിരുന്നു രാഘവനു പറ്റിയ നാലാമത്തെ തെറ്റ്. എല്ലാ "evidence"-കളും തേടിപ്പിടിച്ചു നായകനെ കഴുമരത്തിലേറ്റുന്നതില്‍ നിന്നും അമ്മയും, ഭാര്യയും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതായിട്ടായിരുന്നു തമിഴിലെ ക്ലൈമാക്സ്‌. എന്നാല്‍ മലയാളത്തിലോ, ആ തെളിവുകളുമായി അമ്മ എത്തുമ്പോള്‍, മകനെ കഴുമരത്തിലേറ്റിയതു കണ്ടു വിങ്ങുന്നതു പോലെയായിരുന്നു. തമിഴില്‍ "പ്ലസ്‌" ആയി മാറിയ ഘടകങ്ങളെല്ലാം മലയാളത്തില്‍ "മൈനസ്" ആയി മാറിയതായിരുന്നോ ചിത്രം വെളിച്ചം കാണാതെ പോയതിനു കാരണം? 

സംഗതി ഇതൊക്കെയാണെങ്കിലും, രാഘവന്റെ സംവിധാനത്തെ കുറ്റം പറയാന്‍ കഴിയില്ല. അത്യുന്നതമെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും, മോശമെന്നു തള്ളിക്കളയാനും പറ്റില്ല.
അന്ന് വെളിച്ചം കാണാതെ പോയ "Evidence" ഇന്ന് "VCD"-യില്‍ ലഭ്യമാണ്. അതില്‍ രാഘവനു തെല്ലാശ്വാസം തോന്നിയേക്കാം. ചിത്രം വെളിച്ചം കണ്ടു വിജയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രാഘവന്‍ എന്ന "സംവിധായകന്‍" എങ്കിലും രക്ഷപ്പെടുമായിരുന്നില്ലേ?