Tuesday 22 May, 2012

ഇല കൊഴിയും ശിശിരത്തില്‍




ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിക്കുക. ചിത്രം വിജയിച്ചില്ല. എന്നാല്‍ അതിലെ ഒരു പാട്ട് ജനപ്രിയമാകുന്നു. എണ്‍പതുകളിലെ പ്രിയങ്കരഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കാന്‍ എല്ലാവിധ സാദ്ധ്യതയുമുള്ള ആഗാനം. ആ സിനിമയിലും ഗാനരംഗത്തിലും അഭിനയിച്ച കൊച്ചുമിടുക്കിയുടെ സുന്ദരമുഖം ഇന്നും പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ഏതാണാസിനിമ? ഏതാണാ ഗാനം? ആരാണാ നായിക? ഇനി സസ്പെന്‍സില്ല. സിനിമ ‘വര്‍ഷങ്ങള്‍ പോയതറിയാതെ’. ഗാനം ‘ഇലകൊഴിയും ശിശിരത്തില്‍ ‘. നായിക അന്ന് കൌമാരക്കാരിയായിരുന്ന രശ്മി കൈലാസ്.

ആകെ ഒരു ചിത്രത്തിലഭിനയിച്ച് ആ കൊച്ചു മിടുക്കി എങ്ങോട്ടു പോയി? എന്തൊക്കെയാണ് വിശേഷങ്ങള്‍ ? ബന്ധുകൂടിയായ രശ്മിയോട് സംസാരിച്ചപ്പോള്‍ രശ്മിക്ക്  സിനിമാക്കാര്യങ്ങള്‍ പറയാന്‍ ആദ്യം ഒരു താല്പര്യക്കുറവ്.
ആകെ ഒരു ചിത്രത്തിലല്ലെ അഭിനയിച്ചുള്ളു, അതിനിത്ര പറയാനെന്തിരിക്കുന്നു എന്നായി രശ്മി.
ഒരു ചിത്രത്തിലല്ല, ഒരു സീനില്‍ മാത്രമേ അഭിനയിച്ചുള്ളു എങ്കിലും സിനിമാചരിത്രത്തിന്റെ ഭാഗമല്ലേ എന്നൊക്കെ വിശദീകരിച്ചപ്പോള്‍ രശ്മിക്ക് സന്തോഷമായി.

രശ്മി കൈലാസ്. കായംകുളം പള്ളിക്കല്‍ സ്വദേശിനിയാണ്. അച്ഛന്‍ ചന്ദ്രന്‍ പിള്ളയും അമ്മ ഓമനയും. ചന്ദ്രന്‍ പിള്ള ഹരിപ്പാടിനടുത്ത് ആയാപറമ്പ് സ്വദേശിയാണെങ്കിലും ജോലിസംബന്ധമായി പള്ളിക്കല്‍ വീടുവച്ച് താമസം അവിടെയാക്കിയതാണ്.

1986, 87,88 എന്നീ വര്‍ഷങ്ങളില്‍ രശ്മി മാവേലിക്കര സബ് ജില്ലാ കലാതിലകമായിരുന്നു. കായംകുളം സെന്റ് മേരീസ് സ്കൂളിലാണ് പഠിച്ചത്. ചേച്ചി രാജിയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിച്ചു വന്നിരുന്നു. 1987 ല്‍ കോഴിക്കോട്ടു വെച്ചുനടന്ന സംസ്ഥാനകലോത്സവത്തില്‍ മോഹിനിയാട്ടത്തിന് രണ്ടാംസ്ഥാനമുള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നേടിയ രശ്മിക്ക് അക്കൊല്ലത്തെ കലാതിലകപ്പട്ടം വെറും ഒരു പോയിന്റിന് നഷ്ടമായി. കലാതിലകപ്പട്ടം നേടിയതോ ബാലതാരമായി നിരനധി സിനിമകളില്‍ തിളങ്ങിയ പൊന്നമ്പിളി അരവിന്ദും.

സംസ്ഥാന യുവജനോത്സവത്തിന്റെ പത്രവാര്‍ത്തകളും ചിത്രങ്ങളുമൊക്കെയാണ് രശ്മിയെത്തിരക്കി സിനിമാപ്രവര്‍ത്തകര്‍ എത്തുവാന്‍ കാരണം. സിനിമയെന്തെന്നോ അഭിനയമെന്തെന്നോ യാതൊരു അറിവുമില്ലാതിരുന്ന കാലമായിരുന്നു അത്. സംവിധായകന്‍ പറഞ്ഞതുപോലെ ചെയ്തു എന്നു മാത്രമേ ഇന്ന് ഓര്‍ക്കുമ്പോള്‍ രശ്മിക്ക് തന്റെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താനുള്ളു. ഇപ്പോഴുള്ള പെണ്‍കുട്ടികളെപ്പോലെ സിനിമയെക്കുറിച്ച് അന്ന് ഒരു കാഴ്ചപ്പാടും രശ്മിക്ക് ഇല്ലായിരുന്നു. പിന്നെ നെടുമുടി വേണു, മേനക എന്നിവരുടെ കൂടെയൊക്ക് അഭിനയിക്കാന്‍ പറ്റി എന്നൊരു കാര്യമാണ് തന്റെ ഏക സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്
‍ രശ്മിക്ക് പറയാനുള്ളത്.

ഒറ്റ ചിത്രത്തോടെ രശ്മിക്ക് സിനിമാഭിനയം മതിയായി. നൃത്തമാണ് തെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. നൃത്താഭ്യാസം തുടര്‍ന്നു. കായംകുളം എം എസ് എം കോളേജില്‍ പഠിക്കുമ്പോള്‍
കഥകളിക്ക് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ മൂന്നാംസ്ഥാനവും ലഭിച്ചു.

ഇപ്പോള്‍ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ് രശ്മി. കായംകുളത്ത് താമസിക്കുന്നു.പലയിടങ്ങളിലും യാത്രചെയ്യുമ്പോള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആള്‍ക്കാര്‍ പറയുമെങ്കിലും, വളരെ നിര്‍ബന്ധിച്ചു ചോദിച്ചാല്‍ മാത്രമേ താനൊരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയുള്ളു എന്ന് രശ്മി. അഭിനയിക്കുന്നോ എന്ന് അന്വേഷണങ്ങള്‍ ഇടയ്ക്കു വരുന്നുണ്ടെങ്കിലും രശ്മിക്ക് തീരെ താല്പര്യമില്ല.
എന്നാല്‍ മകന്‍ അദ്വൈത് ഇപ്പോള്‍ ജയസൂര്യയുടെ ജനപ്രിയം എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തു എന്ന് രശ്മി പറയുന്നു. അവസരം കിട്ടിയാല്‍ മകനെ അഭിനയിക്കാന്‍ വിടാന്‍ താല്പര്യവുമുണ്ട്.

രശ്മിയെ ഈ ലിങ്കില്‍ കാണാം. ഗാനം കേള്‍ക്കാം.
ഭര്‍ത്താവ് ഹരികുമാര്‍ , മകള്‍ ദേവനന്ദ.

തയ്യാറാക്കിയത്: ശ്രീദേവി പിള്ള
രശ്മിയുമായി നേരിട്ട് സംസാരിച്ച് തയ്യാറാക്കിയത്.

1 comment:

  1. മറവികളില്‍ നിന്നും കൈപിടച്ചു....ആ പഴയ കാലത്തേയ്ക്ക് ..ഒരു യാത്ര ....ഈ ഗാനങ്ങള്‍ക്കൊപ്പം ജീവിക്കുന്നത് പഴയ ..പ്രണയിനിയും അല്ലെ .....നല്ല ലേഖനം ...ശ്രീ ..ശ്രിദേവി പിള്ള ..:)

    ReplyDelete