Tuesday 22 January, 2013

ശ്രീകുമാരന്‍ തമ്പി - ദീപ്തസ്മരണകളുടെ കാവ്യ ശില്പി

Sreekumaran Thampiവയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കി മധുവും മണവും പകര്‍ത്തി ആസ്വാദക ഭ്രമരങ്ങളെ ആവേശിതരാക്കുകയും ആകര്‍ഷിതരാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. എന്തുകൊണ്ട് വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം, എന്നു ചോദിച്ചാല്‍ അതിനുത്തരം സര്‍ഗ്ഗവൈഭവത്തിലുള്ള എതെങ്കിലും ഏറ്റക്കുറച്ചില്‍ എന്നു തീര്‍ത്തുപറയാന്‍ പറ്റില്ല. ആദ്യത്തെ കാരണം കലാസപര്യ തുടങ്ങിയ കാലത്തിലുള്ള അന്തരം തന്നെ.

കുറച്ചുകൂടി ആഴത്തില്‍ ആലോചിച്ചാല്‍ ഈ പറഞ്ഞവര്‍ തമ്മില്‍ ഏതെങ്കിലും ഒരു താരതമ്യ പഠനം ആവശ്യമാണോ എന്നുതന്നെ തോന്നിയേക്കാം, കാരണം ഭാവനയുടെ വിഹാരമണ്ഡലങ്ങള്‍ മൂവര്‍ക്കും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഗന്ധര്‍വ്വനഗരങ്ങളും സ്വര്‍ഗ്ഗഗായികമാരും മറ്റും പോലെയുള്ള അഭൌമമായ കാവ്യബിംബങ്ങളുടെ വിഹാരരംഗമായിരുന്നു വയലാര്‍ ഗാനങ്ങള്‍. ഭാസ്കരന്‍ മാസ്റ്റര്‍ ആവട്ടെ, ഇങ്ങു താഴെ ഭൂമിയില്‍ സാധാരണക്കാരായ നാമെല്ലാം നിത്യവും കെട്ടു ഹൃദയത്തിലേറ്റി നടന്നിരുന്ന നാടന്‍ ശീലുകളും പഴമ്പാട്ടുകളും തന്റെ ഭാവനയുടെ പഞ്ചാരക്കുഴമ്പില്‍ മുക്കി പുതിയ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തി. ഇവരിരുവരെയും കുറിച്ച് ഈ ഒറ്റ വരിയില്‍ ഒരിക്കലും നിര്‍ത്തുവാനാകില്ല എന്ന ഉത്തമ ബോദ്ധ്യം വായനക്കാരെപ്പോലെ ഈ ലേഖികയ്ക്കും ഉണ്ട്. ഇക്കാര്യത്തില്‍ ഒരു വിശദമായ വിശകലനം പിന്നീടെയ്ക്കു മാറ്റിവച്ച് ഇന്നിവിടെ ശ്രീകുമാരന്‍ തമ്പിയുടെ ചില ഗാനങ്ങളിലേക്കൊന്നു നോക്കുവാന്‍ ശ്രമിയ്ക്കുകയാണ്.

തമ്പിയുടെ ഗാനങ്ങള്‍ വയലാറില്‍ നിന്നും ഭാസ്കരന്‍ മാസ്റ്ററില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിന് ഒരു പ്രധാനഘടകം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വളരെയധികം പ്രകടമായി കാണാവുന്ന ചില പ്രത്യേക കാവ്യബിംബങ്ങളാണ്. തന്റെ സ്വദേശമായ ഹരിപ്പാടും അതിന്റെ ചുറ്റുവട്ടങ്ങളും ജന്മദേശത്തോടുള്ള സ്നേഹസാക്ഷ്യങ്ങള്‍ പൊലെ നിരവധി ഗാനങ്ങളില്‍ തെളിഞ്ഞു നിറഞ്ഞു നില്‍ക്കുന്നു. മറ്റൊരു ഗാനരചയിതാവിലും കാണാനാവാത്ത ഈ പ്രത്യേകത മലയാളസിനിമാ ഗാനരചയിതാക്കളുടെ മുന്‍ നിരയില്ത്തന്നെ ആറാട്ടിനെഴുന്നള്ളി നില്‍ക്കുന്ന ഗജവീരന്റെ തലയെടുപ്പോടെ നില്‍ക്കാന്‍ തമ്പിയെ സഹായിക്കുന്നു.ശ്രീകുമാരന്‍ തമ്പി വരച്ചിട്ട കാവ്യചിത്രങ്ങളില്‍ ഈയൊരു പ്രത്യേകതയെ കൂടുതല്‍ അടുത്തറിയാനൊരു ശ്രമമാണ് ഇന്നിവിടെ നടത്തുന്നത്.

എണ്ണമറ്റ സിനിമാഗാനങ്ങളെ മാറ്റി നിര്‍ത്തി ഈ അന്വേഷണത്തില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനം വഹിക്കാന്‍ അര്‍ഹമായ ഒരു ഉത്സവഗാനത്തിലാണ് ഈ ശ്രമം ആരംഭിക്കുന്നത്.

"പായിപ്പാട്ടാറ്റില്‍ വള്ളംകളി കാണാന്‍
പാറൂ നിന്നെ ഞാന്‍ കൊണ്ടുപോകാം"

- എന്നു തുടങ്ങുന്ന ഒരു നാടന്‍ ശീലാണ് ആ നാടിനെപ്പറ്റിയും അവിടുത്തെ വള്ളം കളിയെപ്പറ്റിയും പുറംദേശക്കാര്‍ക്കു പരിചയപ്പെടുത്തുവാന്‍ ഉള്ള അളവുകോല്‍ ആയിരുന്നത്. വെളുത്ത കത്രീന (1968) എന്ന ചിത്രത്തിലെ "ഒന്നാം കണ്ടത്തില്‍" എന്ന ഗാനത്തില്‍ ഇത് അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ഗാനം അത്ര പ്രചാരം നേടാത്തതുകൊണ്ടാവും പായിപ്പാട്ടാറും വള്ളംകളിയും ലോകപ്രശസ്തമാകാന്‍ 1983 - ല്‍ ഇറങ്ങിയ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നത്. അതിലെ "പായിപ്പാട്ടാറ്റില്‍ വള്ളംകളി" എന്ന ഗാനം പുറത്തുവന്നതോടെ ദേശക്കാരും അന്യദേശക്കാരുമായ എല്ലാ മലയാളികളുടെയും മനസ്സില്‍ പ്രൌഢഗംഭീരന്മാരായ ചുണ്ടന്‍ വള്ളങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും മത്സരവും ഇനിയൊരു ചിത്രത്തിന്റെയോ വിവരണത്തിന്റെയോ ആവശ്യമില്ലാതെ സ്ഥാനം പിടിച്ചു.

കവിയുടെ മനസ്സില്‍ രൂഢമൂലമായ ആ ഗ്രാമീണചിത്രം, "കാരിച്ചാല്‍ ചുണ്ടനും, കാവാലംചുണ്ടനും, കോതേരിയും, ആ വലിയ ദിവാന്‍ജിയും മുന്‍ നിരയില്‍ ..." എന്നു പാടുന്ന ആ വാക്ചിത്രം, തങ്ങളുടെയെല്ലാം മനസ്സിന്റെ സുവ്യക്തമായ ആവിഷ്കാരം പോലെ തന്നെ പായിപ്പാട്ടാറിന്റെ ഇരുകരകളിലുമുള്ള ദേശവാസികളെല്ലാവരും നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നു. മറഞ്ഞുപോയ ഒരു സുവര്‍ണ്ണകാലത്തിന്റെ സാക്ഷ്യങ്ങളായി 'ഒന്നാനാം ചുണ്ടന്നേലമരം പിടിക്കുന്ന പൊന്നിലും പൊന്നായ തമ്പുരാ'നും, അയാള്‍ പണ്ടേകിയ വെറ്റില തിന്ന ആ സുന്ദരി ചെറുമിയും ഒരു നിശ്വാസത്തിന്റെ കാറ്റേറ്റ് ഓര്‍മ്മകളില്‍ മയങ്ങുന്നു. ആട്ടക്കളങ്ങളിലെ ജയഭേരികളും കൂത്തമ്പലങ്ങളിലെ കലാസന്ധ്യകളും സമകാലീനരുടെ മനസ്സുകളില്‍ നഷ്ടബോധത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയര്‍ത്തുന്നു. പായിപ്പാട്ടാറ്റിലെ വള്ളംകളിയ്ക്കും അതിന്റെ പെരുമയ്ക്കും മൂന്നു കിലോമീറ്റര്‍ അകലെയുള്ള, തമ്പിയുടെ സ്വന്തം ഗ്രാമമായ, ഇന്നൊരു പട്ടണമായി പ്രൌഢിപേറുന്ന, ഹരിപ്പാട്ട് ചെന്നെത്തിയേ പറ്റൂ. കാരണം, ഹരിപ്പാട്ടമ്പലത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിന്റെ സ്മരണയ്ക്കാണ് പായിപ്പാട്ടാറ്റില്‍ വള്ളംകളി നടക്കുന്നത്.

'പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ ചുരുളനുമായി ഞാന്‍ വന്നപ്പോള്‍' എന്നു തമ്പി വീണ്ടും 'നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ' എന്ന ഗാനത്തില്‍ (പത്മവ്യൂഹം - 1973) നായകനെക്കൊണ്ടു പാടിക്കുന്നു. കൌമാരക്കാഴ്ചകളിലെ ഏറ്റവും നിറം പിടിപ്പിച്ച ഓര്‍മ്മകളില്‍ ഒന്നാണു ചെറുവള്ളങ്ങളില്‍ കയറി വള്ളംകളി കാണാന്‍ പോകലും, കരയിലിരിക്കുന്ന പാവാടക്കാരികള്‍ കാണ്‍കെ തന്റെ ജലാഭ്യാസപാടവം പ്രദര്‍ശിപ്പിക്കലും. ചിങ്ങമാസത്തിലെ തിരുവോണം അവിട്ടം, ചതയം എന്നീ നാളുകളിലാണ് പായിപ്പാട്ടാറ്റിലെ വള്ളം കളി.

തമ്പിയുടെ പാട്ടുകളില്‍ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ഹരിപ്പാട്ടമ്പലവുമായി ബന്ധപ്പെട്ടവയാണ്. ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വളരെ പെട്ടന്നുതന്നെ ഈ ബിംബങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനും തദ്വാരാ അദ്ദേഹത്തെ തങ്ങളുടെ ദേശത്തിന്റെ തന്നെ പാട്ടുകാരനായി കണക്കാക്കുവാനും കഴിയുന്നു. ഒരുപാടു ഗാനങ്ങളുടെ വാക് ചിത്രത്തുന്നലുകളിലൂടെ ഹരിപ്പാട്ടമ്പലത്തിലെ ഉത്സവക്കാഴ്ചകള്‍ നിരനിരയായി കടന്നുപോകുന്നതു നമുക്ക് കാണാം. 'തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം' എന്ന പ്രശസ്തമായ കണ്ണൂര്‍ ഡീലക്സിലെ (1969) ഗാനം ഇവയില്‍ മികച്ചതാണ്. മകരമാസത്തിലെ പൂയം നാളിലാണ് ഹരിപ്പാട്ടമ്പലത്തിലെ വിഖ്യാതമായ കാവടിയാട്ടം. ഈ കാഴ്ചയെ വാക്കുകളില്‍ ഒപ്പിയെടുത്ത് വിദഗ്ദ്ധനായ ചമയക്കാരനായി മാറുന്ന തമ്പി 'കണ്ണാടി പോലെ മിന്നുന്ന കാഞ്ചീപുരം സാരി ചുറ്റി, കവിത ചൊല്ലുന്ന കല്ലുമണിമാലകളും ചാര്‍ത്തി കണ്ണിനാല്‍ കണ്ണെറിയും' സുന്ദരിയെ ശ്രോതാവിനു മുന്നില്‍ അവതരിപ്പിക്കുന്നു. താന്‍ നേരിട്ടു കണ്ടനുഭവിച്ച കാഴ്ചകള്‍ ഗാനത്തിലൂടെ മനസ്സില്‍ നിറയുന്നതറിഞ്ഞ് അവന്‍ ആനന്ദഭരിതനാകുന്നു.

വീണ്ടും ഉത്സവക്കാഴ്ചകള്‍ കണ്ണും മനസ്സും നിറയ്ക്കുന്നത് 'ആറാട്ടിന്നാനകള്‍ എഴുന്നള്ളു'മ്പോഴാണ് (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു - 1973). ഒന്‍പതു ദിവസത്തെ ഉത്സവം കഴിഞ്ഞ് പത്താം നാള്‍ ആറാട്ടുമഹോത്സവം. ആയിരത്തിരി വിളക്കുതെളിയുന്ന ചുറ്റമ്പലം. അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വരക്കച്ചേരി, വേലക്കുളത്തിന്റെ കല്‍പ്പടവുകളില്‍ മെയ്യു കണ്ണാക്കിയവരുടെ അഭ്യാസപ്രകടനങ്ങള്‍. ആള്‍ത്തിരക്കിനിടയില്‍ അവളുണ്ടാവും. അവനും. തിരയുന്ന കണ്ണുകളില്‍ കണ്ടെത്തലിന്റെ പൂത്തിരി മിന്നാട്ടം. ഒരു നോട്ടത്തിന്റെ നിര്‍വൃതി. പറയാതെ പറയുന്ന ഒരായിരം കഥകളുടെ മായാലോകം. കടന്നുപോയ കാലത്തിന്റെ ഓര്‍മ്മയില്‍ കേള്‍വിക്കാരില്‍ ചിലര്‍ക്കു സുഖദമായ അനുഭൂതി, മറ്റു ചിലര്‍ക്കു ഹൃദയത്തിന്റെ കോണുകളില്‍ മിന്നിമറയുന്ന തേങ്ങല്‍. ജന്മനാടിന്റെ കാഴ്ചകളില്‍ ഇഴചേര്‍ത്ത് എത്ര പ്രണയരംഗങ്ങളാണ്‍ തമ്പി നമുക്കേകുന്നത്!

'ഒന്നാം കണ്ടത്തില്‍' എന്ന ഗാനത്തില്‍ പായിപ്പാട്ടാറിനൊപ്പം കോളോത്തു കാവും പ്രത്യക്ഷമാകുന്നു. തമ്പിയുടെ ജന്മഗൃഹത്തിനു വിളിപ്പാടകലെയുള്ള കോളോത്തു ഭഗവതിക്ഷേത്രവും കാവുമാണ് ഇത്. കുംഭമാസത്തിലെ കാര്‍ത്തികനാളിലെ താലപ്പൊലിയുത്സവം ഇന്നും നടക്കുന്നു. എന്നുമൊരോര്‍മ്മയായി ഗാനങ്ങളില്‍ കുട്ടനാട്ടിലെ ഈ കൊച്ചുഭഗവതീക്ഷേത്രം തമ്പിയുടെ തൂലിക എഴുതിവച്ചു.

അശ്വതിയുത്സവത്തേരു കണ്ട് ആനക്കൊട്ടിലില്‍ നില്‍ക്കുന്ന കാമുകിയും അവളെ നോക്കി അമ്പലപ്പൊയ്കതന്‍ കരയില്‍ നില്‍ക്കുന്ന കാമുകനുമാണ് മറ്റൊരു മനോഹരചിത്രം. ഇത് നാം കാണുന്നത് ദിവ്യദര്‍ശനം (1973) എന്ന ചിത്രത്തിലെ 'കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍' എന്ന ഗാനത്തിലൂടെയാണ്. ഈ ഗാനം നമ്മെക്കൊണ്ടെത്തിക്കുന്നത് തീര്‍ച്ചയായും ഹരിപ്പാടിന്നു കുറച്ചകലെയുള്ള വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലേയ്ക്കുതന്നെ. അശ്വതിയുത്സവവും തേരുവലിയ്ക്കലും തിരക്കും ആളും ബഹളവും. അതിനിടയില്‍ അമ്പെയ്യും കണ്ണുകളുമായി കാമുകന്‍ . അവനുമാത്രം തിരിച്ചറിയാന്‍ കഴിയുന്ന സന്ദേശമായി അവളുടെ ഓട്ടുവളക്കിലുക്കം.

ചെട്ടികുളങ്ങര ഭരണിയും, അമ്പലപ്പുഴ വേലയും, അമ്പലപ്പുഴ പാല്‍പ്പായസവുമെല്ലാം ഇതര ദേശക്കാരായ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതില്‍ ശ്രീകുമാരന്‍ തമ്പിക്കു വലിയ സ്ഥാനമുണ്ട്. പ്രണയം മുഖ്യപ്രമേയമായിരുന്ന അക്കാലത്തെ സിനിമകളില്‍ തന്റെ പ്രണയഗാനങ്ങള്‍ക്ക് അനുയോജ്യമായ ചുറ്റുപാടുകളും പശ്ചാത്തലവുമൊരുക്കേണ്ട ബിംബങ്ങള്‍ ലഭിക്കുവാന്‍ തമ്പിക്ക് മറ്റൊരിടത്തും തിരയെണ്ടി വരുന്നില്ല. താന്‍ ജനിച്ചു വളര്‍ന്ന നാടും, നടന്ന നാട്ടുവഴികളും, കണ്ട കാഴ്ചകളും തന്നെ ധാരാളമായിരുന്നു.

കലയുടെ കലവറകളായിരുന്ന കൂത്തമ്പലങ്ങളെ കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങളില്‍ കാണാം. കൂത്തമ്പലത്തിലെ കൂടിയാട്ട കാഴ്ചകള്‍ കര്‍പ്പൂര ദീപത്തിന്‍, കൂടിയാട്ടം കാണാന്‍ (ആനന്ദം, പരമാനന്ദം - 1977) തുടങ്ങിയ ഗാനങ്ങളിലുമുണ്ട്. ഉടഞ്ഞ കുപ്പിവളകളുടെ ഓര്‍മ്മയുണര്‍ത്തുന്ന കൂത്തമ്പലങ്ങള്‍ 'കൂത്തമ്പലത്തില്‍ വച്ചോ' (അപ്പു - 1990) എന്ന ഗാനത്തിലും നമുക്കു കാണാം. ഒരുപക്ഷേ ശ്രീകുമാരന്‍ തമ്പി, ഈ ഗാനങ്ങളെല്ലാം തന്റേതാണെന്ന് പറയാതെ പറയുന്ന അടയാളങ്ങളാണ് ഈ പദാവലികള്‍. ഒന്‍പതാം ഉത്സവം, ആനക്കൊട്ടില്‍ തുടങ്ങിയ പദപ്രയോഗങ്ങളും തമ്പിയ്ക്കു മാത്രം അവകാശപ്പെട്ടവയായി ഇന്നോളം നില്ക്കുന്നു.

അതു പോലെ തന്നെയാണ് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന സാധാരണ മലയാളികളും ഒരിക്കല്‍പ്പോലും കേള്‍ക്കുകയില്ലായിരുന്ന കലാകാരന്മാരുടെ പേരുകള്‍ അദ്ദേഹം തന്റെ രചനകളില്‍ അസാമാന്യ വൈഭവത്തോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. കഥകളി ആചാര്യന്മാരായ ഹരിപ്പാട്ട് രാമകൃഷ്ണന്‍, ഗുരു ചെങ്ങന്നൂര്‍, കുടമാളൂര്‍, ചെണ്ട വിദ്വാന്‍ ശ്രീ വാരണാസി നാരായണന്‍ നമ്പൂതിരി, (ഉത്തരാസ്വയംവരം – ഡേഞ്ചര്‍ ബിസ്കറ്റ് 1969), നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ (ആലപ്പുഴപ്പട്ടണത്തില്‍ – ബന്ധുക്കള്‍ ശത്രുക്കള്‍ 1993) എന്നിവരുടെ പേരുകള്‍ ഇനി ഒരു ചരിത്രാഖ്യാനത്തിലും ഇല്ലെങ്കിലും തമ്പിയുടെ ഗാനങ്ങളിലൂടെ അനശ്വരത നേടിയെടുക്കുന്നു. ഇവിടെ വെറും പേരുകള്‍ കൊണ്ടുള്ള കസര്‍ത്തല്ല കാണുവാന്‍ കഴിയുക. ആത്മാവിന്റെ തന്നെ ഭാഗമായിത്തീര്‍ന്ന ചില കാഴ്ചകള്‍ താനറിയാതെ ഭാവനയില്‍ അലിഞ്ഞൊഴുകിയതാവാം. കൂടാതെ ജീവിതയാത്രയില്‍ നേര്‍ക്കാഴ്ചകള്‍ കാണിച്ചവര്‍ക്കുള്ള ഗുരുസ്മരണയുമാവാം.



ഹരിപ്പാടിന്റെ വിശേഷങ്ങള്‍ പറഞ്ഞതും അമ്പലപ്പുഴ വേല കാണിച്ചു തന്നതും ശ്രീകുമാരന്‍ തമ്പി. ആലോലമണിത്തിരകളില്‍ നടനമാടുന്ന ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളവും, ചെട്ടികുളങ്ങര ഭരണിയും തേരോട്ടവും കാണിച്ചുതന്നതും തമ്പി തന്നെ. ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം വിളമ്പിനടന്ന കാലങ്ങള്‍ സ്മൃതിമധുരം, മധുരോദാരം.



ഇവയെല്ലാം കടന്നു നാമെത്തുന്നതോ? കേളികൊട്ടുയരുന്ന, കേളീകദംബം പൂക്കുന്ന കേരളത്തിരുമുറ്റത്ത്. കവിയുടെ മനസ്സില്‍ കനകാംബരങ്ങള്‍ പൂമഴ പൊഴിയ്ക്കുന്ന കേരളത്തിരുമുറ്റത്ത്. തിരുവോണപ്പുലരി തിരുമുല്‍ക്കാഴ്ചയുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തിരുമുറ്റത്ത്. അവിടെ കാറ്റുമ്മവയ്ക്കുന്ന മരച്ചില്ലകള്‍ക്ക് പിന്നില്‍ ഒളിച്ചു നില്ക്കുന്ന പ്രഭാതസൂര്യനുണ്ട്. ഒരുപാടൊരുപാട് ഗതകാലസ്മരണകളുണ്ട്. എല്ലാം നമ്മളും കവിയും ഒരുമിച്ചു നടന്നവയും അറിഞ്ഞവയും തന്നെ. പക്ഷേ കവിയ്ക്കു മാത്രമേ ആ സ്മരണകളില്‍ ചിത്രപ്പണി ചെയ്ത് വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കാനും നല്‍കാനും കഴിയൂ. അവിടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രസക്തി.

ആദ്യം ചോദിച്ച ചോദ്യം വീണ്ടുമുയരുകയാണ്. മറക്കാന്‍ കഴിയുമോ? തമ്പി നമ്മുടെ മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍ മറക്കാന്‍ കഴിയുമോ?


ടി. എന്‍ . ഗോപകുമാറിനോടൊപ്പം "On Record" പരിപാടിയില്‍ - 2012.

No comments:

Post a Comment