Friday, 23 March 2012

വെള്ളനാട് നാരായണന്‍

Vellanadu Narayanan

Originally written on 4th May 2011 after an adventurous drive to Vellanadu and a visit to Vellanadu Narayanan's residence with Geethu on the previous day.





എണ്‍പതുകളില്‍ കൌമാരമനസ്സുകളെ ഒട്ടേറെ സ്വാധീനിച്ച ഒരു ഗാനമാണ് നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ... എന്ന യേശുദാസ് ഗാനം. ‘സരസ്വതീയാമം എന്ന ചിത്രത്തിലെ ഈ ഗാനം ഒട്ടേറെ നിരാശകാമുകന്മാര്‍ക്ക് നഷ്ടപ്രണയത്തിന്റെ തീവ്രനൊമ്പരത്തിന് രൂപവും ഭാവവും പകരാന്‍ പ്രചോദനമായി. ജീവിതത്തിന്റെ അനന്തയാത്രാപഥങ്ങളില്‍ ഇടയ്ക്കെങ്കിലും ഈ ഗാനം മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഈ ഗാനത്തിന്റെ രചയിതാവിനെ അന്വേഷിച്ചുള്ള ഒരു യാത്രയുടെ വിശേഷങ്ങളിലേക്ക്. വെള്ളനാട് നാരായണന്‍ എന്ന മനുഷ്യനിലേക്ക്. ജീവിതത്തിന്റെ കാഴ്ചപ്പാടുകളിലേക്ക്.

ചെമ്മണ്ണു നിറഞ്ഞ പാതയിലൂടെ കരി നിറച്ച് കത്തിച്ച് ഓടുന്ന നീളന്‍ മൂക്കുള്ള ബസ്സിനു പിന്നാലെ അല്‍ഭുതത്തോടെ കൂക്കിവിളിച്ചോടിയിരുന്ന കുറുമ്പന്‍ പിള്ളാരില്‍ ഒരുവന്‍ . വെള്ളനാട് എന്ന കുഗ്രാമത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ കയറ്റിറക്കങ്ങള്‍ കയറി നെടുമങ്ങാട് ഹൈസ്കൂളില്‍ ചെന്നു പഠിച്ചു. അവന്റെ നാട്ടിന് കലയോടും സാഹിത്യത്തോടും പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായിരുന്നു. ഇരുന്നൂറുവര്‍ഷങ്ങളായി മുടങ്ങാതെ കഥകളി നടക്കുന്ന അമ്പലപ്പറമ്പുണ്ടായിരുന്നു. ഇരുന്നൂറുവര്‍ഷം മുന്‍പ് സ്ഥാപിച്ച സഹൃദയ കലാസമിതി ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയും ഉണ്ടായിരുന്നു. അവിടെ അവന്‍ പുസ്തകങ്ങള്‍ പൊടിതുടച്ചുവച്ചു. ഭംഗിയില്‍ അടുക്കിപ്പെറുക്കിവച്ചു. സ്നേഹമുള്ള അദ്ധ്യാപകര്‍ അവന് വായിക്കുവാന്‍ പുസ്തകങ്ങള്‍ പറഞ്ഞുകൊടുത്തു. വെള്ളനാട് പുരമ്പിന്‍ കോണത്തുവീട്ടില്‍ പൊന്നന്റെയും തങ്കമ്മയുടെയും മകന്‍ നാരായണന് പുസ്തകജാലകങ്ങളിലൂടെ അറിവിന്റെ സൂര്യതേജസ്സ് മനസ്സില്‍ നിറഞ്ഞു. ഭാരതീയപുരാണങ്ങളിലൂടെയും, ലോകചരിത്രത്തിലൂടെയും ലോകക്ലാസ്സിക്കുകളിലൂടെയുമുള്ള യാത്രയായിരുന്നു നാരായണന് പിന്നീടിങ്ങോട്ട്.

മനസ്സില്‍ നിറഞ്ഞ അറിവ് ഭാവനയുടെ നിറക്കൂട്ടുകളില്‍ ചാലിച്ചു ചേര്‍ത്താണ് നാരായണന്‍ തന്റെ എഴുത്തുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ എഴുത്തിലൂടെയല്ല നാരായണന്‍ കലാരംഗത്ത് എത്തുന്നത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് വിഖ്യാത നാടകകാരന്‍ ഓച്ചിറവേലുക്കുട്ടിയുടെ സുഹൃത്തായ ബാലന്‍ മാസ്റ്ററുടെ ‘ജേതാക്കള്‍ ‘ എന്ന നാടകത്തില്‍ ഒരു വേഷമിട്ട് അന്ന് ഒന്‍പതുവയസ്സുകാരനായ നാരായണന്‍ കലാദേവതയ്ക്ക് ദക്ഷിണയര്‍പ്പിച്ച് ശിഷ്യപ്പെട്ടു. 1952 ല്‍ ആണത്. ജനങ്ങള്‍ നോട്ടുമാലയിട്ട് കൊച്ചുകലാകാരനെ ആദരിച്ചു. ‘നാടകത്തിന് ഉച്ചഭാഷിണി ഉണ്ടായിരിക്കും’ എന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുന്ന ആ കാലത്തെപ്പറ്റി നാരായണന്‍ ഓര്‍ക്കുന്നത് വളരെ വികാരഭരിതനായാണ്.

സ്കൂള്‍ പഠനത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായി ജോലി നോക്കി. കലയുമായുള്ള ബന്ധം അമച്വര്‍ നാടകരംഗത്തു തുടര്‍ന്നു. ‘ജ്വാലാമുഖം’ എന്ന ഏകാങ്കമാണ് ആദ്യമെഴുതിയ നാടകം. ആദ്യമായി എഴുതിയ രണ്ടരമണിക്കൂര്‍ നാടകം വര്‍ഷമേഘങ്ങള്‍ ആണ്. എഴുതിയ നാടകങ്ങളെല്ലാം തന്നെ ഉജ്വല വിജയവും നിരവധി അവാര്‍ഡുകളും നേടി. ‘അര്‍ഥാന്തരം‘, ‘ആദിത്യഹൃദയം‘ എന്നിവയും നാരായണന് ഇഷ്ടപ്പെട്ട നാടകങ്ങള്‍ തന്നെ. ‘അര്‍ഥാന്തരം‘ നാടകം കണ്ടിട്ട് നാടകാചാര്യന്‍ എന്‍ എന്‍ പിള്ള അഭിനന്ദിച്ച കാര്യം നാരായണന്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.
തമിഴരുടെ ‘കീമായണ’ ത്തിലെ കഥയെ ആസ്പദമാക്കി രചിച്ച നാടകമാണ് ‘ശൂര്‍പ്പണഖാ ശപഥം‘.
നിരവധി ബാലേകളും നാരായണന്‍ രചിച്ചിട്ടുണ്ട്. ബാലെ എഴുതുന്നതിനെക്കാള്‍ നാടകമെഴുതുന്നതാണ് അദ്ദേഹത്തിന് താല്പര്യമായിരുന്നത്. ബാലേകളില്‍ കവിതയ്ക്കും സംഗീതത്തിനും പ്രാമുഖ്യമുണ്ടായിരുന്നെങ്കില്‍ നാടകത്തില്‍ നാരായണന് ഏറെ ഇഷ്ടമായിരുന്ന സംഭാഷണങ്ങളായിരുന്നു മുന്‍‌പന്തിയില്‍ . കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ പ്രമുഖനാടകകാരന്മാരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്ന് അദ്ദേഹം വിനയപൂര്‍വം പറയുന്നു.

നാടകത്തില്‍ നിന്നും ബാലെയില്‍ നിന്നും എങ്ങനെയാണ് നാരായണന്‍ സിനിമയില്‍ എത്തിയത്?
സുഹൃത്തായ കല്ലയം കൃഷ്ണദാസ് മുഖേനയാണ് നാരായണന്‍ ‘അവളെന്റെ സ്വപ്നം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥയെഴുതാനായി സിനിമയിലെത്തുന്നത്. ആ സിനിമ പക്ഷേ റിലീസ് ആയില്ല.
തുടര്‍ന്ന് ‘സരസ്വതീയാമം’ എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതി. നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനം ഹിറ്റായി. എങ്കിലും അദ്ദേഹത്തിന് ഇഷ്ടമായ ഗാനം സരസ്വതീയാമത്തിലെ തന്നെ ‘ശ്രീരഞ്ജിനി സ്വരരാഗിണീ’ എന്ന ഗാനമാണ്. അന്ന് ഈ ഗാനങ്ങളൊക്കെ പലരും പാടി നടന്നെങ്കിലും ഇന്നവയെല്ലാം മറവിയില്‍ വീണടിഞ്ഞുപോയിരിക്കുന്നു എന്ന് അദ്ദേഹം ദുഃഖത്തോടെ ഓര്‍ക്കുന്നു..ഓരോ പൂവിലും എന്ന ചിത്രത്തിലെ ‘പൂവേ പൊലി പാടാന്‍ വരും പൂവാലിക്കിളിയേ‘ എന്ന ഗാനം പിറവിയെടുത്തതും സംഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍മ്മിച്ചെടുത്തു.

‘പൌരുഷം‘ എന്ന ചിത്രവും ഗാനങ്ങളുമാണ് നാരായണന് കുറച്ചുകൂടി പേരു നേടിക്കൊടുത്തത്.
പ്രശസ്തഗാനരചയിതാവ് പാപ്പനം കോട് ലക്ഷ്മണനും നാരായണനും അടുത്ത സുഹൃത്തുക്കളായിരുന്നു. സംവിധായകന്‍ ശശികുമാര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുവാനായി കഥയ്ക്കുവേണ്ടി അന്വേഷിക്കുന്നു. ലക്ഷ്മണന്‍ ശശികുമാറിനോട് നാരായണന്റെ പേര് നിര്‍ദ്ദേശിക്കുന്നു. അര്‍ഥാന്തരം എന്ന നാടകം കണ്ടിട്ടുണ്ടായിരുന്ന ശശികുമാര്‍ വേറൊന്നാലോചിച്ചില്ല. നാരായണന്‍ എത്തുന്നു. സെറ്റിലിരുന്നാണ് പൌരുഷത്തിന്റെ കഥ എഴുതുന്നത്. എഴുതിയത് എഴുതിയത് ഷൂട്ട് ചെയ്തു. പ്രശസ്തമായ സുദര്‍ശന്‍ ചിറ്റ് ഫണ്ട്സ് പൊളിഞ്ഞ കഥയാണ് പൌരുഷത്തിന് ആധാരം. തമ്പി കണ്ണന്താനമായിരുന്നു അന്ന് സഹസംവിധായകന്‍ . ‘ഇനിയും ഇതള്‍ ചൂടി വിരിയും’ എന്ന ഗാനത്തിന്റെ പിറവിയും വളരെ കൌതുകകരമായി അദ്ദേഹം പറഞ്ഞുതന്നു.
ഇറങ്ങിയ പടങ്ങളെക്കാള്‍ ഇറങ്ങാത്ത പടങ്ങളാണ് തന്റേതായി ഉള്ളതെന്ന് നാരായണന്‍ . ഇരുപത്ത് എട്ടോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. തിരക്കഥയെഴുതുവാനുള്ള വേഗത സിനിമാരംഗത്തെ പലരെയും അല്‍ഭുതപ്പെടുത്തി. എങ്കിലും വെള്ളനാട് നാരായണന്‍ എന്ന പ്രതിഭ മലയാളസിനിമയില്‍ കുപ്പയിലെ മാണിക്യം പോലെ പ്രഭ ചൊരിയാനാവാതെ മറഞ്ഞുപോയി.

‘പൌരുഷം‘ ഹിറ്റായപ്പോള്‍ സിനിമയില്‍ തന്നെ നില്‍ക്കാന്‍ ശശികുമാര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ സിനിമ ഒരു സ്ഥിരം വരുമാനം നല്‍കുമോ എന്ന ഭയം തീര്‍ച്ചയായും ഉണ്ടായിരുന്നു. ഒന്നാമത്തെ കാരണം അങ്ങോട്ടു പോയി അവസരങ്ങള്‍ ചോദിക്കാനും, കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാനുമുള്ള മടി. നാടകത്തോടുള്ള പ്രണയമായിരുന്നു മറ്റൊരു കാരണം. ഒരു എഴുത്തുകാരന്റെ പ്രതിഭ നാടകത്തിലാണ് കൂടുതല്‍ പ്രതിഫലിക്കുക എന്ന തിരിച്ചറിവ്.
മറ്റൊരു പ്രധാനകാരണം സര്‍ക്കാര്‍ ജോലി. വരുമാനം തുഛമാണെങ്കിലും അതുകൊണ്ട് കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നടന്നിരുന്നു. അതുകൊണ്ടുതന്നെ സിനിമ ഒരിക്കലും മതിഭ്രമം വരുത്തിയില്ല.

നാടകരംഗത്ത് വളരെ സജീവമായിത്തന്നെ നിലകൊണ്ടു നാരായണന്‍ . കര്‍ണ്ണന്‍ , തിരുവനന്തപുരം നവോദയാ തീയറ്റേഴ്സിന്റെ ‘കൃഷ്ണായനം’ എന്നിവ അഭൂതപൂര്‍വമായ വിജയങ്ങളായിരുന്നു. ചിലപ്പതികാരം നാടകമാക്കിയപ്പോള്‍ ചിലപ്പതികാരത്തിന്റെ മലയാള പരിഭാഷകനും, മധുരാ സര്‍വകലാശാല ഡീനുമായിരുന്ന നെന്മാറ പരമേശ്വരന്‍ നായര്‍ നാരായണന്റെ ടെലഫോണ്‍ നമ്പര്‍ തിരഞ്ഞു പിടിച്ച് വിളിച്ച് അഭിനന്ദിക്കുകയുണ്ടായി.

ഏഷ്യാനെറ്റ് സീരിയലുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ‘ദേവീ മാഹാത്മ്യ‘ത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയത് നാരായണനാണ്. പക്ഷേ അവിചാരിതമായി എത്തിയ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കിനിര്‍ത്തി. ഒരിടവേളയ്ക്കും വിശ്രമത്തിനും ശേഷം പൂര്‍വാധികം ശക്തിയോടെ സീരിയല്‍ തിരക്കഥാരംഗത്തേക്കു തിരിച്ചുവരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജീവിതത്തില്‍ ആഗ്രഹങ്ങള്‍ തീരെ ഇല്ലാത്ത ഒരാളാണ് താനെന്ന് നാരായണന്‍ വിനയപൂര്‍വം പറയുന്നു. ഇന്നത്തെ കണക്കില്‍ ‘എന്തുനേടി?’ എന്നു ചോദിച്ചാല്‍ ഒന്നും നേടിയില്ല എന്നു പറയുന്ന ഗണത്തില്‍ പെടുന്നയാള്‍ . ബുദ്ധദേവന്റെ തത്വമായ ‘ആശയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം’ എന്ന വാക്യത്തില്‍ ഉറച്ചു വിശ്വസിക്കുന്നു
ഞങ്ങള്‍ പോയിക്കണ്ട വീടും പരിസരവും ആ ബുദ്ധതത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. നിറക്കൂട്ടുകളിലും ജാഡകളിലും അഭിരമിക്കുന്ന സിനിമാ തലമുറകള്‍ക്കൊരപവാദമായി വസന്തം എന്ന് പേരിട്ട നാരായണന്റെ കൊച്ചു വീട്. ഭാര്യ. മൂന്നു മക്കള്‍ , അച്ഛന്‍ വളര്‍ത്തി വലുതാക്കിയ മക്കളെല്ലാം ഇന്ന് സാമാന്യം നല്ലനിലയില്‍ ജീവിക്കുന്നു. അവിചാരിതമായി പടികടന്നു വന്നതാണ് ശ്വാസകോശത്തിലെ അര്‍ബുദബാധ. തുടക്കത്തിലേ കണ്ടുപിടിച്ചതുകൊണ്ട് ഇപ്പോള്‍ കീമോ തെറാപ്പിക്കു ശേഷം അദ്ദേഹം വിശ്രമിക്കുന്നു.

1998 ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഗുരുപൂജ പുരസ്കാരം കേരള സംഗീതനാടക അക്കാദമി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കേരള ഗവണ്മെന്റ് ചികിത്സയ്ക്കായി 25000 രൂപ നല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

കൂത്താടുന്ന കുറകുടങ്ങള്‍ കേള്‍പ്പിക്കുന്ന ശബ്ദകോലാഹലത്തിനിടയില്‍ ഒരു മന്ദഹാസത്തോടെ അതെല്ലാം നോക്കിക്കാണുന്ന ഒരു നിറകുടമാണ് വെള്ളനാട് നാരായണന്‍ എന്ന എഴുത്തുകാരന്‍ . കപടജ്ഞാനികള്‍ക്ക് ഓശാനപാടിപ്പാടി യഥാര്‍ഥജ്ഞാനവും വ്യക്തിത്വവും എന്തെന്നു തിരിച്ചറിയാന്‍ പോലും പറ്റാത്ത ഒരു ശപിക്കപ്പെട്ട തലമുറയായി നാം മാറിയിരിക്കുന്നു. അല്‍ഭുതംകൂറുന്ന മിഴികളുമായിമാത്രമേ വെള്ളനാട് നാരായണന്‍ എന്ന വ്യക്തിയോട് നമുക്ക് സംസാരിക്കുവാനാകൂ. വായന നല്‍കിയ സമുദ്രോപമമായ അറിവ്. അത് പുറത്തു കാണാനാവാത്ത പ്രശാന്തത, നിര്‍മ്മലത. ഒരു സൈക്കിള്‍ പോലുമില്ലാതെ, വഴിയരികിലൂടെ ഈ മനുഷ്യന്‍ നടന്നുപോകുമ്പോള്‍ എ സി കാറുകളില്‍ കൂളിംഗ് ഗ്ലാസും വച്ച് ചീറിപ്പാഞ്ഞുപോകുന്ന അഭിനവ കലാകാരന്മാരേ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തിയേ മതിയാവൂ.

No comments:

Post a Comment